Home കൗതുകം സൈക്കിളില്‍ മാസ്‌ക് വെച്ച് ഗ്രാമങ്ങളിലൂടെ; ഈ അധ്യാപകന്റെ പ്രതിരോധം ശ്രദ്ധേയമാകുന്നു

സൈക്കിളില്‍ മാസ്‌ക് വെച്ച് ഗ്രാമങ്ങളിലൂടെ; ഈ അധ്യാപകന്റെ പ്രതിരോധം ശ്രദ്ധേയമാകുന്നു

രു ഹെല്‍മെറ്റും മാസ്‌കും പിന്നെ കുറേ കയ്യെഴുത്ത് പോസ്റ്ററുകളുമായി കഴിഞ്ഞ ആറുമാസക്കാലമായി തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഗ്രാമാന്തരങ്ങളിലൂടെ സൈക്കിള്‍ ചവിട്ടുകയാണ് ഗൊല്ലമണ്ഡല സുരേഷ് കുമാര്‍ എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍. ലോകത്തെ വിഴുങ്ങിയ മഹാമാരിയില്‍ നിന്ന് തന്റെ ജനതയെ ആവും വിധം രക്ഷിക്കണം എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളു.

‘വ്യക്തി ശുചിത്വം പാലിക്കണം, നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കണം, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം’ എന്നിവയൊക്കെയാണ് സുരേഷ് ആളുകളോട് പറയുന്നത്. ഇതെല്ലാം ഒരു മെഗാ ഫോണിലൂടെ വിളിച്ച് പറഞ്ഞാണ് നടപ്പ്. കൂടാതെ സൈക്കിളിലും ഹെല്‍മെറ്റിലും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ അദ്ദേഹം എഴുതിയിട്ടുമുണ്ട്. പുലര്‍ച്ചെ ആരംഭിക്കുന്ന ഈ യാത്ര കഴിഞ്ഞ 190 ദിവസങ്ങളായി തുടരുകയാണ്.

ആറ് മാസങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോഴും സുരേഷ് തന്റെ പതിവ് മുടക്കിയിട്ടില്ല. സ്‌കൂളിലേക്ക് പോകുന്നവഴിയാണ് ഇപ്പോള്‍ ബോധവത്കരണം നടത്തുന്നത്. അധ്യാപനവും മുടക്കമില്ലാതെ കൊണ്ടുപോകുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധ ഏറ്റവും രൂക്ഷമായി വര്‍ദ്ധിച്ചിരിക്കുന്ന ജില്ലകൂടിയാണ് ഖമ്മം എന്നത് സുരേഷിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ഈ പ്രവൃത്തി സാധാരണ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമാണ്.