Home ആരോഗ്യം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വര്‍ഷാവര്‍ഷം കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കും; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വര്‍ഷാവര്‍ഷം കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കും; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം

കോവിഡ് 19 ലോകരാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വര്‍ഷാവര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന രോഗമായി മാറിയേക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലെബനനിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

സമൂഹം ആര്‍ജ്ജിത രോഗപ്രതിരോധശേഷി കൈവരിക്കുന്നതുവരെ ഇതു തുടരുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹസന്‍ സരാകാത് പറയുന്നത്. കൊറോണ വൈറസ് നമ്മോടൊപ്പമുണ്ട്. അത് തുടരുകയും ചെയ്യും. സമൂഹം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതു വരെ ഓരോ വര്‍ഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുകയും ചെയ്യും.

കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതു വരെ സമൂഹം വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ എന്നിവ തുടരണമെന്നും ഡോ. ഹസ്സന്‍ നിര്‍ദേശിച്ചു.

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ, കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ കോവിഡിന് പലതരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ പോലുള്ള മറ്റ് ശ്വാസകോശ വൈറസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് 19 ന് ഉയര്‍ന്ന തോതിലുള്ള സംക്രമണ നിരക്ക് ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.