രാജ്യത്ത് പേമെന്റ് കാര്‍ഡുകളുടെ ക്ഷാമം രൂക്ഷമായതോടെ ഉപയോക്താക്കള്‍ കടുത്ത പ്രതിസന്ധിയില്‍.കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഉടലെടുത്ത സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം അടുത്തിടെ രൂക്ഷമായതാണ് ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള പേമെന്റ് കാര്‍ഡുകളുടെ ലഭ്യത കുറച്ചത്.ബാങ്കുകള്‍ക്ക് കാര്‍ഡുകള്‍ ആവശ്യാനുസരണം എത്തിക്കാന്‍ വിതരണക്കാര്‍ക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതേത്തുടര്‍ന്ന് ഉപയോക്താക്കള്‍ക്കു പുതിയ കാര്‍ഡുകള്‍ നല്‍കാനോ കാലാവധി കഴിഞ്ഞവ പുതുക്കി നല്‍കാനോ ബാങ്കുകള്‍ക്ക് ആവുന്നില്ല.
സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള പല ബാങ്കുകളും ഇത്തരത്തില്‍ ക്ഷാമം നേരിടുകയാണ്. പുതിയ കാര്‍ഡിനായി ചെന്ന ഇടപാടുകരോട് രണ്ടും മൂന്നും മാസത്തിനു ശേഷമേ ലഭിക്കൂ എന്നാണ് ബാങ്ക് ജീവനക്കാരുടെ മറുപടി.
ക്ഷാമം മുതലെടുത്ത് വിതരണക്കാര്‍ കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന തുക ഈടാക്കുന്നതായും പരാതിയുണ്ട്. മെമ്മറി ചിപ്പുകള്‍, മൈക്രോപ്രോസസേഴ്സ് തുടങ്ങിയവ ഉപയോഗിച്ചാണ് ആധുനിക പേമെന്റ് കാര്‍ഡുകള്‍ നിര്‍മിക്കുന്നത്.ഡേറ്റകള്‍ സൂക്ഷിക്കുന്നതിനും എടിഎം, കാര്‍ഡ് റീഡറുകള്‍, പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ തുടങ്ങിയവയുമായി പ്രോസസ് ചെയ്യപ്പെടുന്നതിനും ഇത്തരം ഭാഗങ്ങള്‍ ആവശ്യമാണ്.
കാര്‍ഡ് ക്ഷാമം ഇ-കൊമേഴ്സ് ഇടപാടുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.