Home അന്തർദ്ദേശീയം ഇന്ത്യൻ വ്യോമയാനമേഖലയിൽ ചരിത്രമായി ‘ഗഗൻ ‘

ഇന്ത്യൻ വ്യോമയാനമേഖലയിൽ ചരിത്രമായി ‘ഗഗൻ ‘

സാറ്റ്‌ലൈറ്റിന്‍റെ സഹായത്തോടെയുള്ള ഒഗുമെന്‍റേഷന്‍ സംവിധാനമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗഗന്‍ (GAGAN) നാവിഗേഷന്‍ സംവിധാനമുപയോഗിച്ചുള്ള ആദ്യത്തെ വിമാന ലാന്‍ഡിങ് വിജയകരമായി നടത്തി. രാജസ്ഥാനിലെ അജ്‌മീറിനടത്തുള്ള കിഷന്‍ഗഡ് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്‍റെ ലാന്‍ഡിങ്ങാണ് ഗഗന്‍ ഉപയോഗിച്ച്‌ നടത്തിയത്.

എന്താണ് ഗഗന്‍ നാവിഗേഷന്‍ സംവിധാനം?:

വിമാനത്താവളത്തിലെ നാവിഗേഷന്‍ സംവിധാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ വിമാനത്തില്‍ തന്നെ ഘടിപ്പിച്ച നാവിഗേഷന്‍ ഉപകരണങ്ങളുടെ സഹായത്തോടെ വിമാനത്തിന് ലാന്‍ഡിങ് നടത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യന്‍ സാറ്റ്‌ലൈറ്റുകളെ അടിസ്ഥാനപ്പെടുത്തി ജിപിഎസിന്‍റെ കൃത്യത വര്‍ധിപ്പിക്കുന്ന സംവിധാനമാണ് ഗഗന്‍. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഐഎസ്‌ആര്‍ഒയും ചേര്‍ന്നാണ് ഗഗന്‍ വികസിപ്പിച്ചെടുത്തത്.ജിപിഎസും (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഐസ്‌ആര്‍ഒ വിക്ഷേപിച്ച ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങളായ ജിസാറ്റ്-8, ജിസാറ്റ്-10, ജിസാറ്റ്-15 എന്നിവയും ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയ്‌ക്കും മറ്റ് ഭൂമധ്യരേഖ പ്രദേശത്തുള്ള മറ്റ് അതിര്‍ത്തി രാജ്യങ്ങള്‍ക്കും വേണ്ടി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇത്തരത്തിലുള്ള സംവിധാനമാണ് ഇത്.

സാറ്റ്‌ലൈറ്റ് അടിസ്ഥാനപ്പെടുത്തി ജിപിഎസിന്‍റെ കൃതൃത വര്‍ധിപ്പിക്കുന്ന (ഒഗുമെന്‍റേഷന്‍) സംവിധാനം ഗഗന്‍ അടക്കം നാലെണ്ണമാണുള്ളത്. യുഎസിന്‍റെ ഡബ്ലിയുഎഎഎസ്, യൂറോപ്പിന്‍റെ ഇഗ്‌നോസ് ( EGNOS), ജപ്പാന്‍റെ എംഎസ്‌എസ് (MSAS) എന്നിവയാണ് ഗഗനെ കൂടാതെയുള്ള ഇത്തരം സംവിധാനങ്ങള്‍.

ചെറുകിട വിമാനത്താവളങ്ങളില്‍ ഉപകാരപ്രദമാകും:

വളരെ വിലകൂടിയ ഇന്‍സ്‌ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനമില്ലാത്ത പ്രാദേശിക എയര്‍പോര്‍ട്ടുകളില്‍ മോശമായ കാലവസ്ഥകളില്‍ കാഴ്‌ചകുറവ് ഉണ്ടാകുന്ന അവസരത്തിലും ഈ സംവിധാനം ഉപയോഗിച്ച്‌ ലാന്‍ഡിങ് നടത്താന്‍ സാധിക്കും. ഈ സംവിധാനത്തിലൂടെ ഇന്ധന ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും കുറയ്‌ക്കാന്‍ സാധിക്കും.

സമുദ്ര റെയില്‍ ഗതാഗതത്തിലും മൈനിങ്ങിലും ഗഗന്‍ ഉപയോഗപ്പെടുത്തും:

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ സെന്‍റെര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും ചേര്‍ന്ന് ഗഗന്‍ മെസേജ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സ്യബന്ധന തൊഴിലാളികള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ ബാധിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. റെയില്‍വെ , കൃഷി, മൈനിങ് എന്നീ മേഖലകളിലും ഗഗന്‍ ഉപയോഗപ്പെടുത്തും

നിലവില്‍ 75ലധികം വിമാനങ്ങള്‍:

ഇന്‍ഡിഗോയുടെ 35 വിമാനങ്ങള്‍, സ്പൈസ്ജെറ്റിന്‍റെ 21 വിമാനങ്ങള്‍, എയര്‍ ഇന്ത്യയുടെ 15 വിമാനങ്ങള്‍, ഗൊ ഫസ്റ്റിന്‍റെ 4 വിമാനങ്ങള്‍, എയര്‍ ഏഷ്യയുടെ ഒരു വിമാനം എന്നിവക്കാണ് ഗഗന്‍ ഉപയോഗപ്പെടുത്താനുള്ള സംവിധാനമുള്ളത്.