മനുഷ്യ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോള്‍.രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. നല്ല കൊളസ്ട്രോള്‍ അഥവാ എച്.ഡി.എല്‍ കൊളസ്ട്രോള്‍ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍.
ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ രൂപീകരണത്തിന്, രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും.
ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍. രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു. അങ്ങിനെ സംഭവിക്കുമ്പോള്‍ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇത് ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.