പല പ്രാവശ്യം പ്രഖ്യാപിക്കുകയും അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്ത ശേഷം ഓല ഇലക്ട്രിക്കിന്റെ എസ് വണ്‍, എസ് വണ്‍ പ്രോ വൈദ്യുത സ്‌കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്കു കൈമാറി തുടങ്ങി. ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചാണു കമ്പനി ആദ്യ 100 സ്‌കൂട്ടറുകളുടെ കൈമാറ്റം നിര്‍വഹിച്ചത്.
എന്നാല്‍ മൊബൈല്‍ ആപ്പ്, വോയിസ് കമാന്‍ഡ്, ക്രൂസ് കണ്‍ട്രോള്‍, ഹില്‍ഹോള്‍ഡ് അസിസ്റ്റ്, ബ്ല്യൂടൂത്ത് തുടങ്ങിയ ഫീച്ചറുകളില്ലാതെയാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്. ഈ ഫീച്ചറുകള്‍ വാഹനത്തില്‍ എനേബിള്‍ ചെയ്യാന്‍ വീണ്ടും ഒരു മാസം സമയം വേണമെന്നും ഓവര്‍ ദ എയര്‍ സോഫ്റ്റ്വയര്‍ അപ്‌ഡേഷനിലൂടെ ഈ ഫീച്ചറുകള്‍ എത്തുമെന്നുമാണ് ഓല ഉപഭോക്താക്കളെ അറിയിച്ചത്.
എസ് വണ്‍, എസ് വണ്‍ പ്രോ സ്‌കൂട്ടറുകളുടെ കൈമാറ്റത്തിനു തുടക്കമായതോടെ ഓല സാക്ഷാത്കരിക്കുന്ന വിപ്ലവത്തില്‍ പങ്കാളിയായവരെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണിതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ വരുണ്‍ ദുബെ അഭിപ്രായപ്പെട്ടു. ഫ്യൂച്ചര്‍ ഫാക്ടറിയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അങ്ങനെ കൂടുതല്‍ ഉപയോക്താക്കള്‍ക്കു മുന്‍നിശ്ചയപ്രകാരം സ്‌കൂട്ടര്‍ കൈമാറാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓല ഇലക്ട്രിക്കിന്റെ ആദ്യ മോഡലുകളായ എസ് വണ്ണും എസ് വണ്‍ പ്രോയും കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സെപ്റ്റംബറില്‍ സ്‌കൂട്ടറുകളുടെ വില്‍പ്പനയ്ക്കുള്ള നടപടികള്‍ക്കും തുടക്കമായി. ഒക്ടോബര്‍ 25ന് ടെസ്റ്റ് ഡ്രൈവും ഡെലിവറിയും ആരംഭിക്കുമെന്നായിരുന്നു ഓല ഇലക്ട്രിക്കിന്റെ ആദ്യ പ്രഖ്യാപനം; പിന്നീട് ഈ തീയതി നവംബര്‍ 10ലേക്കു മാറ്റി. അന്നു രാജ്യത്തെ നാലു നഗരങ്ങളില്‍ ഓല ഇലക്ട്രിക് പുതിയ എസ് വണ്‍, എസ് വണ്‍ പ്രോ സ്‌കൂട്ടറുകള്‍ പരീക്ഷണ ഓട്ടത്തിനു ലഭ്യമാക്കുകയും ചെയ്തു.
പക്ഷേ 499 രൂപ അഡ്വാന്‍സ് അടച്ചു കാത്തിരുന്നവര്‍ക്കു സ്‌കൂട്ടറിനു പകരം കമ്പനിയില്‍ നിന്നുള്ള ഇ മെയിലായിരുന്നു ലഭിച്ചത്; ചിപ് സെറ്റുകള്‍ക്കും ലിതിയം അയോണ്‍ സെല്‍ അടക്കമുള്ള ഇലക്ട്രോണിക് ഘടകങ്ങള്‍ക്കുമുള്ള കടുത്തക്ഷാമം മൂലം സ്‌കൂട്ടര്‍ കൈമാറ്റം വൈകുമെന്നായിരുന്നു വിശദീകരണം. എങ്കിലും സ്‌കൂട്ടര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് ‘എസ് വണ്ണി’ന്റെയും ‘എസ് വണ്‍ പ്രോ’യുടെയും പ്രവര്‍ത്തന മികവ് സ്വയം വിലയിരുത്തി വാഹനം വാങ്ങാനുമുള്ള തുടര്‍നടപടിയെന്ന നിലയിലായിരുന്നു ഓല ടെസ്റ്റ് ഡ്രൈവുകള്‍ക്കു തുടക്കമിട്ടത്.
ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ഓടുമെന്ന കരുതുന്ന എസ് വണ്ണിന് 99,999 രൂപയും 180 കിലോമീറ്റര്‍ സഞ്ചാര പരിധി(റേഞ്ച്)യുള്ള എസ് വണ്‍ പ്രോയ്ക്ക് 1,29,999 രൂപയുമാണു വില(ഇതില്‍ ഫെയിം ടു സബ്‌സിഡി ഉള്‍പ്പെടും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ ഇതിനു പുറമെയാണ്). തമിഴ്‌നാട്ടില്‍ സ്ഥാപിച്ച ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഓല വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലുമൊക്കെ ഈ വൈദ്യുത ഇരുചക്രവാഹനങ്ങള്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.