Home ആരോഗ്യം ദേഷ്യം കൂടുതലാണോ?; നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതം

ദേഷ്യം കൂടുതലാണോ?; നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതം

ക്ഷാഘാതത്തെ അതിജീവിച്ച 11 പേരില്‍ ഒരാള്‍ക്കെങ്കിലും അതിനു തൊട്ടു മുന്‍പുള്ള ഒരു മണിക്കൂറില്‍ ദേഷ്യം പോലെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലന്‍ഡ് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

ആഗോള തലത്തില്‍ നടന്ന ഇന്റര്‍സ്‌ട്രോക് പഠനത്തില്‍ പക്ഷാഘാതത്തിന് പ്രേരകമാകുന്ന നിരവധി കാരണങ്ങള്‍ ഗവേഷകര്‍ നിരത്തുന്നു. 32 രാജ്യങ്ങളിലെ 13,462 പക്ഷാഘാത രോഗികളുടെ വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ശേഖരിച്ചത്. സാധാരണ ഗതിയില്‍ പക്ഷാഘാതത്തെ കുറിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ പലതും ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, പുകവലി പോലുള്ള അതിന്റെ ദീര്‍ഘകാല കാരണങ്ങളാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ പക്ഷാഘാതത്തിന് കാരണമാകാവുന്ന അതിതീവ്ര പ്രേരണാ ഘടകങ്ങളെ കുറിച്ചാണ് തങ്ങളുടെ ഗവേഷണമെന്ന് അയര്‍ലന്‍ഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ എപ്പിഡമോളജി പ്രഫസര്‍ ആന്‍ഡ്രൂ സ്മിത് പറയുന്നു.

ദേഷ്യവും വൈകാരിക വിക്ഷോഭവും പക്ഷാഘാതത്തിനുള്ള സാധ്യത 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. വിഷാദരോഗ ചരിത്രം ഇല്ലാത്ത രോഗികളിലും കുറഞ്ഞ വിദ്യാഭ്യാസ നിലവാരമുള്ളവരിലും ഇതിനുള്ള സാധ്യത കുറച്ചു കൂടി അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ദേഷ്യത്തിന് പുറമേ അത്യധികമായ ശാരീരിക അധ്വാനവും പക്ഷാഘാതത്തിന് കാരണമാകാവുന്ന പ്രേരണാ ഘടകമാണ്. അമിതമായ ശാരീരിക അധ്വാനത്തിന് ശേഷമുള്ള ഒരു മണിക്കൂറില്‍ തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനുള്ള സാധ്യത 60 ശതമാനം വര്‍ധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. സ്ത്രീകളില്‍ പ്രത്യേകിച്ചും ഇതിനുള്ള സാധ്യത അധികമാണ്.

സാധാരണ ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവരില്‍ ഇതിനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാ പ്രായത്തിലും മാനസിക, ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു. ഹൃദ്രോഗപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.