Home ആരോഗ്യം കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണം കഴിക്കൂ

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണം കഴിക്കൂ

കൂണ്‍ കഴിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നുവെന്ന് തെളിയിക്കുന്ന പുതിയ പഠനം പുറത്ത്. ദിവസവും 18 ഗ്രാം കൂണ്‍ കഴിച്ച ആളുകള്‍ക്ക് കൂണ്‍ കഴിക്കാത്തവരെ അപേക്ഷിച്ച് 45 ശതമാനം കാന്‍സര്‍ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഇക്കാര്യം ‘അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

19,500ല്‍ അധികം കാന്‍സര്‍ രോഗികളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍, കൂണ്‍ ഉപഭോഗവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു. വൈറ്റമിനുകളും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കൂണില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വൈറ്റ് ബട്ടണ്‍, ക്രെമിനി മഷ്‌റൂം, പോര്‍ട്ടബെല്ലോ കൂണ്‍ എന്നിവയേക്കാള്‍ ഉയര്‍ന്ന അളവില്‍ ‘അമിനോ ആസിഡ് എര്‍ഗോത്തിയോണിന്‍’ (amino acid ergothioneine) ഷിയാറ്റേക്ക്, മൈറ്റേക്ക്, കിംഗ് ഓയിസ്റ്റര്‍ കൂണ്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള കൂണ്‍ അവരുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പെന്‍ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനും പബ്ലിക് ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മക്കോളജി പ്രൊഫസറുമായ ജോണ്‍ റിച്ചി പറഞ്ഞു.

സ്ഥിരമായി കൂണ്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. കാന്‍സറിനെ തടയുന്ന ആരോഗ്യകരമായ ഭക്ഷണരീതികള്‍ ശീലമാക്കുന്നതിന് ഈ ഗവേഷണം സഹായകമാകുമെന്നാണ് കരുതുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എര്‍ഗോത്തിയോണിന്റെ (Ergothioneine) ഏറ്റവും ഉയര്‍ന്ന ഭക്ഷണ സ്രോതസ്സാണ് കൂണ്‍, ഇത് സവിശേഷവും ശക്തവുമായ ആന്റിഓക്സിഡന്റാലും സമ്പന്നമാണ്.

ശരീരത്തില്‍ ആന്റിഓക്സിഡന്റുകളുടെ അളവ് കൂട്ടുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തില്‍, ഈ കണ്ടെത്തലുകള്‍ കാന്‍സറിനെതിരായ കൂണ്‍ സംരക്ഷിക്കുന്നതിനുള്ള പ്രധാന തെളിവുകള്‍ നല്‍കുന്നു. ക്യാന്‍സറുകളെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഭാവിയില്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ജോണ്‍ റിച്ചി പറഞ്ഞു.

കൂടാതെ, ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ കൂണ്‍ വിഭവങ്ങള്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കൂണിനെ പ്രധാനപ്പെട്ട ഭക്ഷണമാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിന്‍, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.