Home വാണിജ്യം ഒപ്പോ റെനോ 7 പ്രോ, റെനോ 7 5 ജി ഫോണുകള്‍ ഇന്ത്യയിലെത്തി; സവിശേഷതയറിയാം

ഒപ്പോ റെനോ 7 പ്രോ, റെനോ 7 5 ജി ഫോണുകള്‍ ഇന്ത്യയിലെത്തി; സവിശേഷതയറിയാം

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ അവതരിപ്പിച്ച ഒപ്പോ റെനോ 7 പ്രോ, റെനോ 7 5ജി ഫോണുകള്‍ ഇന്ത്യയിലെത്തി. പുതിയ റെനോ 7 സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ റെനോ 6 സീരീസിന്റെ പരിഷ്‌കരിച്ച പതിപ്പാണ്. എന്നാല്‍ വലിയ മാറ്റങ്ങളും ഇല്ല. പ്രോസസര്‍ മാത്രമാണ് കാര്യമായ മാറ്റം.
റെനോ 7, റെനോ 7 പ്രോ ഹാന്‍ഡ്‌സെറ്റുകളില്‍ മികവാര്‍ന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗെയിമിങ്ങിനും ദൈനംദിന ജോലികള്‍ക്കും മതിയായ വേഗമുള്ള 5ജി പ്രോസസറുകള്‍, മികവാര്‍ന്ന ക്യാമറകള്‍ എന്നിവയും ഉണ്ട്. റെനോ 7 പ്രോ ചൈനീസ് വേരിയന്റിന് സമാനമാണെങ്കിലും റെനോ 7 ചൈനയില്‍ വില്‍ക്കുന്ന റീബ്രാന്‍ഡ് ചെയ്ത റെനോ 7 എസ്ഇ ആണ്.

ഒപ്പോ റെനോ 7 പ്രോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിന് 39,999 രൂപയാണ് വില. സ്റ്റാര്‍ട്രെയില്‍സ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. അതേസമയം, റെനോ 7 ന്റെ വില 28,999 രൂപയാണ്. റെനോ 7 പ്രോയുടെ കളര്‍ ഓപ്ഷനുകള്‍ തന്നെയാണ് ഈ ഫോണിനുള്ളത്. ഫെബ്രുവരി 8 മുതല്‍ റെനോ 7 പ്രോ, ഫെബ്രുവരി 17 മുതല്‍ റെനോ 7 എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഒപ്പോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും മറ്റു ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങാം. റെനോ 7 പ്രോയുടെ ഫ്‌ലിപ്കാര്‍ട്ടിലെ എക്സ്‌ക്ലൂസീവ് സെയില്‍ ഫെബ്രുവരി 17 നാണ്.

റെനോ 7 പ്രോ ഈ ശ്രേണിയിലെ ഏറ്റവും ചെലവേറിയ ഒന്നാണ്. 90Hz വരെ റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപിള്‍ റേറ്റുമുള്ള 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇതിനാല്‍ ആനിമേഷനുകള്‍ സുഗമമായി കാണാം. ഡിസ്‌പ്ലേയ്ക്ക് കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ പരിരക്ഷയുണ്ട്. ഇതില്‍ ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200 മാക്സ് ആണ് പ്രോസസര്‍. കൂടാതെ ആന്‍ഡ്രോയിഡ് 1 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്.

റെനോ 7 പ്രോയുടെ പിന്നില്‍ 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 സെന്‍സര്‍ ആണ് പ്രധാന ക്യാമറ. രണ്ട് മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ക്യാമറ, മാക്രോ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, 32-മെഗാപിക്‌സല്‍ സോണി IMX709 ക്യാമറ സെന്‍സര്‍ ഉണ്ട്. 65W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 4500എംഎഎച്ച് ആണ് ബാറ്ററി.

എന്നാല്‍, റെനോ 7 ന് റെനോ 7 എസ്ഇയുടെ അതേ ഫീച്ചറുകള്‍ തന്നെയാണ്. ഇതിന് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയുണ്ട്. ഡിസ്‌പ്ലേയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. റെനോ 7ല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 900 ആണ് പ്രോസസര്‍. ഇതോടൊപ്പം 8ജിബി റാമും 256ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. ഫോണിന്റെ റാം ശേഷി വര്‍ധിപ്പിക്കാം.

റെനോ 7 ലെ ക്യാമറകളില്‍ 64 മെഗാപിക്‌സലിന്റേതാണ് പ്രധാന സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, പഞ്ച്-ഹോളിനുള്ളില്‍ 32 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. 65W വരെ ചാര്‍ജ് ചെയ്യുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.