Home ആരോഗ്യം നഖത്തില്‍ നിറം മാറ്റം; ഒമൈക്രോണ്‍ ലക്ഷണമാകാം

നഖത്തില്‍ നിറം മാറ്റം; ഒമൈക്രോണ്‍ ലക്ഷണമാകാം

തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടി വീട്ടില്‍ തന്നെ ക്വാറന്റീന്‍ ചെയ്താല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്താതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് വൈറസ് കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമാകും. കൂടുതല്‍ പേരിലേക്ക് വൈറസ് പടരുന്നത് ഭാവി വകഭേദങ്ങളിലേക്കും നയിക്കാം.

കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തുന്നതിന് കോവിഡ് ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പനി, തൊണ്ടവേദന, ചുമ പോലുള്ള ക്ലാസിക് ലക്ഷണങ്ങള്‍ക്ക് പുറമേ നഖങ്ങളിലുണ്ടാകുന്ന നിറം മാറ്റവും കോവിഡിന്റെ സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കൈകാലുകളിലെ നഖങ്ങള്‍ ചാരം, നീല, മഞ്ഞ നിറത്തിലായാല്‍ ഉടനടി കോവിഡ് പരിശോധന നടത്തണം. നഖത്തിലെ നിറം മാറ്റം ശരീരത്തില്‍ ഓക്സിജന്റെ അഭാവത്തെ കാണിക്കുന്നു. കോവിഡ് സമയത്ത് ഇത്തരത്തില്‍ രക്തത്തില്‍ ഓക്സിജന്റെ അഭാവം കാണപ്പെടാറുണ്ട്.

തൊണ്ട കാറല്‍, വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവരും ഇത് സാധാരണ പനിയാണെന്ന് കരുതി ഇരിക്കാതെ കോവിഡ് പരിശോധന നടത്തണം. അത്യധികമായ ക്ഷീണവും എപ്പോഴും ഉറക്കം തൂങ്ങുകയും ചെയ്യുന്നതും ഒമിക്രോണ്‍ ലക്ഷണമാണ്. പേശീവേദനയും അവഗണിക്കാന്‍ കഴിയാത്ത കോവിഡ് ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.