Home അറിവ് കോവിഡ് 19 ശമിക്കാത്തതിന് പിന്നിലെ കാരണങ്ങളിതാണ്; ഡബ്ല്യൂഎച്ച്ഒ

കോവിഡ് 19 ശമിക്കാത്തതിന് പിന്നിലെ കാരണങ്ങളിതാണ്; ഡബ്ല്യൂഎച്ച്ഒ

കോവിഡ് മഹാമാരി കുറയുന്നില്ലെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷന്റെ മെല്ലേപ്പോക്കും വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് പലയിടത്തും വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന് നാല് പ്രധാന കാരണങ്ങളാണ് സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദം, സാമൂഹിക കൂടിച്ചേരലുകള്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവ്, വാക്സിനേഷന്‍ മെല്ലേപ്പോക്ക് എന്നിവയാണ് മഹാമാരി നിലയ്ക്കാതിരിക്കാന്‍ കാരണമായി അവര്‍ പറഞ്ഞത്. വളരെ പെട്ടെന്ന് പടരുന്ന ഡെല്‍റ്റ വേരിയന്റ് ആണ് ഇതുവരെ കണ്ടിട്ടുള്ള കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും അപകടകരം.

ഇതുതന്നെയാണ് കോവിഡ് ബാധയില്‍ വര്‍ദ്ധനവുണ്ടാകാന്‍ പ്രധാന കാരണം. കൊറോണ വൈറസ് പിടിമുറുക്കിയ ഒരാളില്‍ നിന്ന് ഏകദേശം മൂന്ന് പേരിലേക്ക് വൈറസ് ബാധ പകരുമെങ്കില്‍ ഡെല്‍റ്റ വേരിയന്റ് ബാധിച്ച ഒരാളില്‍ നിന്ന് എട്ടു പേരിലേക്കുവരെ വൈറസ് പടരാമെന്നാണ് സൗമ്യ പറയുന്നത്. ആളുകള്‍ അധികമായി പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ലോകത്തെ പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിട്ടുണ്ട്. ഇതും കൂടുതല്‍ ആളുകളെ വൈറസ് ബാധിതരാക്കാന്‍ സാഹചര്യമൊരുക്കി, സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.