Home ആരോഗ്യം ഒമിക്രോണ്‍; തലവേദനയും അല്ലാത്തതും തിരിച്ചറിയാന്‍ കഴിയുമോ?

ഒമിക്രോണ്‍; തലവേദനയും അല്ലാത്തതും തിരിച്ചറിയാന്‍ കഴിയുമോ?

ദ്യഘട്ടത്തേതില്‍ നിന്ന് വിഭിന്നമായി ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുന്ന ‘ഡെല്‍റ്റ’ എന്ന വൈറസ് വകഭേദം വന്നതോടെയാണ് രാജ്യത്ത് അതിശക്തമായ കൊവിഡ് രണ്ടാം തരംഗമുണ്ടായത്.

ഇതിനെക്കാളും മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. എന്നാല്‍ രണ്ടാം തരംഗത്തിലെ പോലെ ഗുരുതരമായ രീതിയില്‍ രോഗതീവ്രത വര്‍ധിപ്പിക്കാന്‍ ഒമിക്രോണ്‍ കാരണമായിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.

ഇതിനിടെ മുഴുവന്‍ ഡോസ് വാക്സനും സ്വീകരിച്ചവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതും രോഗതീവ്രത കുറയുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം താഴുന്നതിനും മരണനിരക്ക് കുറയുന്നതിനുമെല്ലാം സഹായിച്ചു.

സാധാരണഗതിയില്‍ നമ്മളെ ബാധിക്കാറുള്ള ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് ഇപ്പോള്‍ നിലവില്‍ ഒമിക്രോണ്‍ ബാധയുടെ ലക്ഷണങ്ങളായി അധികവും വരുന്നത്. എന്നാല്‍ ജലദോഷം പോലെ അത്ര നിസാരമായി ഒമിക്രോണിനെ സമീപിക്കുകയും സാധ്യമല്ല. കാരണം, കൊവിഡ് 19 എന്ന രോഗത്തെ പറ്റി തന്നെ പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. ഓരോ വകഭേദവും എത്രമാത്രം അപകടകാരികളാണെന്നതും അവ എത്ര കാലം കൊണ്ട്, എങ്ങനെയെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നതുമെല്ലാം നമുക്ക് ഇപ്പോഴേ പറഞ്ഞുതീര്‍ക്കാവുന്നതല്ല.

അതിനാല്‍ തന്നെ, ജാഗ്രതയോടെ വേണം ഇപ്പോഴും നാം മുന്നോട്ടുപോകാന്‍. നേരത്തേ സൂചിപ്പിച്ചത് പോലെ ജലദോഷപ്പനിയുടെ ലക്ഷണങ്ങളൊക്കെ തന്നെയാണ് ഒമിക്രോണിലും കാര്യമായി കാണുന്നത്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് തലവേദനയും. എന്നാല്‍ ഒമിക്രോണിന്റെ തലവേദനയും മറ്റുള്ള തലവേദനയും എങ്ങനെയാണ് വേര്‍തിരിച്ചറിയാന്‍ കഴിയുക?

ഇതിന് ചില മാര്‍ഗങ്ങളുണ്ട്. സാധാരണഗതിയില്‍ തലവോദന വരുന്നതിനെല്ലാം കാരണങ്ങളുണ്ടായിരിക്കും. ഈ കാരണത്തിന് അനുസരിച്ചാണ് നമുക്ക് വേദന അനുഭവപ്പെടുക. തിലരില്‍ തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന. അല്ലെങ്കില്‍ നടുഭാഗത്താകാം. അതും അല്ലെങ്കില്‍ തലയുടെ ഏതെങ്കിലുമൊരു വശത്ത് മാത്രമാകാം. എന്നാല്‍ ഒമിക്രോണ്‍ ബാധയാണെങ്കില്‍ തലയുടെയും നെറ്റിയുടെയും ഇരുഭാഗങ്ങളിലും വേദന അനുഭവപ്പെടാം. അതുപോലെ തലയ്ക്ക് ആകെ തന്നെ കനവും അസ്വസ്ഥതയും നേരിയ വേദനയും അനുഭവപ്പെടാം.

ഒമിക്രോണ്‍ തലവേദനയാണെങ്കില്‍ മറ്റ് തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കാം. ചിലരില്‍ പെയിന്‍ കില്ലര്‍ കഴിച്ചാല്‍ പോലും ഇത്രയും സമയം നീണ്ടുനില്‍ക്കാം. മൈഗ്രേയ്ന്‍ ഉള്ളവരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. കാരണം മൈഗ്രേയ്നും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ്.

‘ടെന്‍ഷന്‍’, അല്ലെങ്കില്‍ മറ്റ് നിത്യജിവിതത്തില്‍ നമ്മെ തലവേദനയിലേക്ക് നയിക്കുന്ന കാരണങ്ങളാകുമ്പോള്‍ അത്രയധികം തീവ്രതയുള്ള വേദന അനുഭവപ്പെടണമെന്നില്ല. എന്നാല്‍ ഒമിക്രോണിന്റെ കാര്യത്തില്‍ ശരാശരിയില്‍ നിന്ന് മുകളിലേക്ക് പോകുന്ന അത്രയും തീവ്രത അനുഭവപ്പെടാം. മിടിക്കുന്ന, അമര്‍ത്തുന്നത് പോലെയുള്ള, കുത്തിക്കയറുന്നത് പോലെയുള്ള വേദനയും ഒമിക്രോണിന്റെ സവിശേഷതയാണത്രേ.

ഇനി, തലവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, തൊണ്ടവേദന, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടുന്നുവെങ്കിലാണ് ഇത് പ്രധാനമായും ഒമിക്രോണ്‍ ആണെന്ന സംശയത്തില്‍ എത്തേണ്ടതുള്ളൂ. അതിനാല്‍ ഇക്കാര്യങ്ങളും പരിശോധിക്കുക.