Home Uncategorized ഒമൈക്രോണ്‍ നിസാരവൈറസല്ല; മരണവും സംഭവിക്കുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ

ഒമൈക്രോണ്‍ നിസാരവൈറസല്ല; മരണവും സംഭവിക്കുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ

കോവിഡ് 19ന്റെ ഒമൈക്രോണ്‍ വകഭേദം ആളുകളുടെ മരണത്തിന് കാരണമാകുകയാണെന്നും ഇത് നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം പല രാജ്യങ്ങളിലും മുമ്പ് പിടിമുറുക്കിയിരുന്ന ഡെല്‍റ്റ വേരിയന്റിനെ മറികടന്ന് മുന്നേറുകയാണെന്ന് ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമൈക്രോണിന് തീവ്രത കുറവാണെന്ന് തോന്നുമെങ്കിലും അതിനെ നിസാരമായി കണക്കാക്കണമെന്ന് അര്‍ത്ഥമില്ലെന്ന് ടെഡ്രോസ് പറയുന്നു. മുന്‍ വകഭേദങ്ങള്‍ പോലെ ഒമൈക്രോണ്‍ ബാധിച്ച് ആളുകള്‍ ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിതരുടെ സുനാമി വളരെ വലുതും വേഗത്തിലുമാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്നത് എന്നതാണ് വാസ്തവം.

കഴിഞ്ഞ ആഴ്ച 95 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതായത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനം വര്‍ധന.

2021 സെപ്തംബര്‍ അവസാനത്തോടെ എല്ലാ രാജ്യങ്ങളും ജനസംഖ്യയുടെ 10 ശതമാനവും ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ടെഡ്രോസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡബ്ല്യുഎച്ച്ഒയുടെ 194 അംഗരാജ്യങ്ങളില്‍ തൊണ്ണൂറ്റിരണ്ട് രാജ്യങ്ങളും നിശ്ചയിച്ച ലക്ഷ്യത്തിലെത്തിയില്ല. 2022 പകുതിയോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ടെഡ്രോസ് ആവശ്യപ്പെടുന്നത്.