Home അറിവ് വെജിറ്റേറിയന്‍സിനൊരു സന്തോഷവാര്‍ത്ത; വീഗന്‍ ചിക്കനുമായി കെഎഫ്‌സി

വെജിറ്റേറിയന്‍സിനൊരു സന്തോഷവാര്‍ത്ത; വീഗന്‍ ചിക്കനുമായി കെഎഫ്‌സി

വെജിറ്റേറിയന്‍ ഭക്ഷണ രീതികള്‍ പിന്തുടരുന്ന ഭക്ഷണ പ്രേമികളെ കയ്യിലെടുക്കാന്‍ വീഗന്‍ ചിക്കനുമായി പ്രമുഖ ഭക്ഷണ ശൃംഖലയായ കെഎഫ്‌സി (KFC Restaurants ). പുതുവര്‍ഷത്തില്‍ വീഗന്‍ ഫ്രൈഡ് ചിക്കന്‍ (Plant based Fried Chicken) അവതരിപ്പിക്കാനൊരുങ്ങുകയാണ് കെഎഫ്‌സി. ഇന്ന് മുതല്‍ അമേരിക്കയിലെ (America) കെഎഫ്‌സി (KFC) ഔട്ട്‌ലെറ്റുകളില്‍ വീഗന് ചിക്കനും താരമാകുമെന്നാണ് കെഎഫ്‌സി പ്രതീക്ഷിക്കുന്നത്.

നിരവധി പരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ജനുവരി 10 ന് ഫ്രൈഡ് ചിക്കന്‍ (Fried Chicken) പ്രേമികള്‍ക്കായി വീഗന്‍ ചിക്കന്‍ എത്തുന്നത്. പൂര്‍ണമായും ചെടികളെ അടിസ്ഥാനമാക്കിയാണ് വീഗന്‍ ചിക്കന്‍ തയ്യാറാക്കുന്നത്. അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് രംഗത്ത് പ്ലാന്റ് ബേസ്ഡ് ചിക്കനെ അവതരിപ്പിക്കുന്ന ആദ്യ സ്ഥാപനമാകും കെഎഫ്‌സി. ചിക്കന്‍ നഗ്ഗെട്ടിനും ചിക്കന്‍ ഫിംഗറിനും ഇടയിലായിരിക്കും ഈ വീഗന്‍ ചിക്കനുണ്ടാവുക.

മാംസം ഒഴിവാക്കിയുള്ള ചിക്കന്‍ വിഭവങ്ങള്‍ പരീക്ഷിക്കാനുള്ള അടിപൊളി അവസരമായാണ് നിരവധി ഭക്ഷണ പ്രേമികള്‍ നീക്കത്തെ കാണുന്നത്. മാംസം പോലെ തോന്നിക്കുന്ന രീതിയില്‍ പ്രോട്ടീന്‍ കൊണ്ട് മസിലില്‍ കാണുന്ന രീതിയിലുള്ള കോശങ്ങള്‍ക്ക് സമാനമായാണ് വീഗന്‍ ചിക്കന്‍ വരുന്നത്. 2020ന്റെ ആദ്യത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചതാണ് നീക്കവുമായി മുന്നോട്ട് പോകാന്‍ കെഎഫ്‌സിയെ പ്രേരിപ്പിച്ചത്.

ബിയോണ്ട് ഫ്രൈഡ് ചിക്കന്‍ എന്ന പേരിലാണ് കെഎഫ്സി ഇവ പുറത്തിറക്കുന്നത്. ആറ് പീസുകള്‍ വരുന്ന ഒരു പാക്കിന് 6.99 യുഎസ് ഡോളറാണ് വിലവരിക. സസ്യാഹരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനാണ് വീഗന്‍ ചിക്കന് പിന്നിലെ സുപ്രധാന ഘടകം. കഴിക്കുന്ന ഒരാള്‍ പോലും നിരാശനാവേണ്ടി വരില്ലെന്ന ഉറപ്പിലാണ് കെഎഫ്‌സി സ്ഥാപകനും സിഇഒയുമായ ഈഥന്‍ ബ്രൌണ്‍ വീഗന്‍ ചിക്കന്‍ പുറത്തിറക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികളാണ് പരീക്ഷണ ഘട്ടത്തില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടും വീഗന്‍ ചിക്കനെ പൊതുവിപണിയില്‍ എത്തിക്കാന്‍ വൈകിയതിന് പിന്നിലെന്നും ഈഥന്‍ ബ്രൌണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്ഷണപ്രേമികള്‍ ആരോഗ്യ ശീലങ്ങളേക്കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് കാലാനുസൃതമായ മാറ്റവുമായി കെഎഫ്‌സി എത്തുന്നത്. എങ്കിലും ഇന്ത്യയില്‍ വീഗന്‍ ചിക്കന്‍ എത്താന്‍ ഭക്ഷണപ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.