Home വിദ്യഭ്യാസം യുജിസി നെറ്റ് പരീക്ഷാതീയതി പുറത്ത്; മെയ് രണ്ട് മുതല്‍ 17 വരെ പരീക്ഷ നടത്തും

യുജിസി നെറ്റ് പരീക്ഷാതീയതി പുറത്ത്; മെയ് രണ്ട് മുതല്‍ 17 വരെ പരീക്ഷ നടത്തും

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) നടത്തുന്ന നെറ്റ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളിലുള്ള നെറ്റ് പരീക്ഷ നടത്തുന്നത്.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍.

എക്സാം കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാകും നടത്തുക. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നെറ്റ് പരീക്ഷ ജൂനിയര്‍ റിസര്‍ച് ഫെല്ലോഷിപ്പ് (ജെ ആര്‍ എഫ്), യൂണിവേഴ്സിറ്റി, കോളേജ് അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത ആയാണ് പരിഗണിക്കപ്പെടുന്നത്.

സാധാരണ ഒരു വര്‍ഷത്തില്‍ രണ്ടു തവണ നെറ്റ് പരീക്ഷ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു. 2020 ജൂണ്‍ മാസം നടക്കാനിരുന്ന നെറ്റ് പരീക്ഷ സെപ്റ്റംബര്‍-നവംബര്‍ കാലാവധിയിലാണ് നടന്നത്.

പരീക്ഷാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ മാര്‍ച്ച് 2 വരെയുള്ള കാലാവധിക്കുള്ളില്‍ https://www.nta.ac.in/, https://ugcnet.nta.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. പണമടക്കാനുള്ള അവസാന തിയതി മാര്‍ച്ച് 3 ആണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ സന്ദര്‍ശിക്കാം.

യുജിസിയുടെ അവസാനം ലഭ്യമായ അറിയിപ്പ് പ്രകാരം രണ്ടു പേപ്പറുകളായിരിക്കും നെറ്റ് പരീക്ഷക്കുണ്ടാവുക. നൂറു മാര്‍ക്കിന്റെ ആദ്യ പേപ്പറില്‍ 50 ചോദ്യങ്ങളും 200 മാര്‍ക്കിനുള്ള രണ്ടാം പേപ്പറില്‍ നൂറു ചോദ്യങ്ങളും ഉണ്ടാവും.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. ഉച്ചക്ക് മൂന്നു മണി മുതല്‍ വൈകിട്ട് ആറു മണി വരെ രണ്ടാമത്തെ ഷിഫ്റ്റ് നടത്തപ്പെടും.