Home അറിവ് വെറും 315 രൂപക്ക് കോവളം മുതല്‍ കൊച്ചി വരെ കാറില്‍; ഇ- കാര്‍ യാത്ര ഏറെ...

വെറും 315 രൂപക്ക് കോവളം മുതല്‍ കൊച്ചി വരെ കാറില്‍; ഇ- കാര്‍ യാത്ര ഏറെ ലാഭകരം

കോവളം മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെ വൈദ്യുതി കാറില്‍ (ഇ കാര്‍) യാത്ര ചെയ്താല്‍ യാത്രച്ചെലവ് 315 രൂപ മാത്രം. 210 കിലോമീറ്റര്‍ ദൂരത്തേക്കാണ് ഇത്ര രൂപ മാത്രം. അതേസമയം ഇത്രയും കിലോമീറ്റര്‍ പെട്രോള്‍ കാറില്‍ യാത്ര ചെയ്താലുള്ള ചെലവ് 1400 രൂപയാണ്. 210 കിലോമീറ്റര്‍ ദൂരത്തെ യാത്രയ്ക്കായി ആകെ വേണ്ടത് 14 ലീറ്റര്‍ പെട്രോളാണ്. വൈദ്യുതി കാറുകള്‍ ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 200-250 കി.മീ. വരെ യാത്ര ചെയ്യാം.

സംസ്ഥാന ഊര്‍ജ വകുപ്പിനു കീഴിലുള്ള അനെര്‍ട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത്. ഇ കാറുകള്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു യൂണിറ്റിന് 15 രൂപയാണു ചെലവ്. ഒരു യൂണിറ്റ് ഉപയോഗിച്ച് 10 കി.മീ. യാത്ര ചെയ്യാം. എന്നാല്‍, ഒരു ലീറ്റര്‍ പെട്രോള്‍-ഡീസല്‍ ഉപയോഗിച്ചു ശരാശരി 15- 18 കിമീ വരെ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂവെന്നും ഇ-കാറുകളാണ് ലാഭകരമെന്നും അനെര്‍ട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഇന്ധന കാറുകള്‍ പൂര്‍ണമായി ഒഴിവാക്കി, കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ 120 ഇ-കാറുകള്‍ വാടകയ്ക്ക് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അനെര്‍ട്ട് പഠനം നടത്തിയത്. പ്രതിമാസം 27,540 രൂപയ്ക്കാണു വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ഇ-കാറുകള്‍ അന!!െര്‍ട്ടിന് അനുവദിച്ചത്.

210 കി.മീ. യാത്രയ്ക്കായി കൊച്ചി ടു കോവളം (കെ ടു കെ) എന്ന പേരില്‍ അനെര്‍ട്ട് പ്രത്യേക പദ്ധതിയും തയാറാക്കി. 210 കി.മീ. യാത്രയ്ക്കിടെ, 50 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിങ് സ്റ്റേഷനുകളും ഉടന്‍ സ്ഥാപിക്കും. നിലവില്‍ തിരുവനന്തപുരത്ത് ശംഖുമുഖം, വഴുതക്കാട് ഗെസ്റ്റ് ഹൗസ്, കൊല്ലം ചവറ, എറണാകുളം മറൈന്‍ഡ്രൈവ്, ആലപ്പുഴ ചേര്‍ത്തല ഓട്ടോകാസ്റ്റ് എന്നിവിടങ്ങളിലാണ് അനെര്‍ട്ടിന്റെ ചാര്‍ജിങ് സ്റ്റേഷനുകളുള്ളത്.

ഇടുക്കി, വയനാട് മീനങ്ങാടി, കാസര്‍കോട് നീലേശ്വരം, തൃശൂര്‍ മുളങ്കുന്നത്തുകാവ്, പാലക്കാട് മണ്ണാര്‍ക്കാട്, കോഴിക്കോട് വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരു മാസത്തിനകം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇ-കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ എല്ലാ ജില്ലയിലും 5 വീതം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.