Home അറിവ് റോഡുകളുടെ ശോചനീയാവസ്ഥ കോടതിയെ നേരിട്ട് അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥ കോടതിയെ നേരിട്ട് അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പൊതുജനങ്ങൾക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബർ 14 ന് മുമ്പ് വിവരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡിസംബർ 15 ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിർദേശം.

റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി ഇന്നലെ രൂക്ഷവിമർശനമാണ് നടത്തിയത്. നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവെച്ച് പോകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ട്. അവർക്ക് അവസരം കൊടുക്കണമെന്ന് കോടതി പറഞ്ഞു.

റോഡുകൾ മികച്ചത് ആയിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞവർഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ ഈ വർഷം വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യാനും കോടതി നിർദേശം നൽകി.