Home അറിവ് 50 തവണ ജനിതകമാറ്റം സംഭവിച്ചു; ദക്ഷിണാഫ്രിക്കയിലെ വകഭേദം ഡെല്‍റ്റയെക്കാള്‍ മാരകമാകാന്‍ സാധ്യത

50 തവണ ജനിതകമാറ്റം സംഭവിച്ചു; ദക്ഷിണാഫ്രിക്കയിലെ വകഭേദം ഡെല്‍റ്റയെക്കാള്‍ മാരകമാകാന്‍ സാധ്യത

ക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോകം ജാഗ്രതയില്‍. നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ b.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈക് പ്രോട്ടീന്‍ മാത്രം 30 തവണയാണ് പരിവര്‍ത്തനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ശാസ്ത്രലോകം. വാക്‌സിനെ മറികടക്കാന്‍ ഇതിന് സാധിക്കുമോ എന്നതാണ് മുഖ്യമായി പരിശോധിക്കുന്നത്.

കോശങ്ങളില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്ന റിസപ്റ്റര്‍ ബൈന്‍ഡിംഗ് ഡൊമെയ്ന്‍ ഭാഗത്ത് മാത്രം 10 തവണയാണ് ജനിതക മാറ്റം സംഭവിച്ചത്. ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ ഇത് രണ്ടു തവണ മാത്രമാണ്. ഒരു രോഗിയില്‍ നിന്നാണ് ഈ വകഭേദം ഉണ്ടായത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എച്ചഐവി പോലെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുന്ന കടുത്ത രോഗം ബാധിച്ച ആളില്‍ നിന്ന് പുതിയ വകഭേദം രൂപാന്തരം പ്രാപിച്ചതാകാമെന്നാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുസിഎല്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഈയാഴ്ചയാണ് ഈ വകഭേദം കണ്ടെത്തിയത്. ബോട്‌സ്വാന തുടങ്ങി അയല്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവരെ വരെ ഇത് ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇത്തരത്തിലുള്ള നൂറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.