Home വാഹനം 17 മീറ്റര്‍ നീളം, 60 സീറ്റ്; കേരളത്തില്‍ ഒരെണ്ണം മാത്രം, വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് തുടങ്ങി

17 മീറ്റര്‍ നീളം, 60 സീറ്റ്; കേരളത്തില്‍ ഒരെണ്ണം മാത്രം, വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് തുടങ്ങി

കേരളത്തില്‍ ആദ്യമായി കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം- കൊട്ടാരക്കര റൂട്ടിലാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ബസിനു പിന്നില്‍ മറ്റൊന്ന് കൊരുത്ത് ഇട്ടിരിക്കുന്നത് ഇതിനു ഒരു കുഞ്ഞു ട്രെയിന്റെ ഗെറ്റപ്പ് സമ്മാനിക്കുന്നുണ്ട്. ട്രെയിനിലെ പോലെ ഒരു കംപാര്‍ട്‌മെന്റില്‍ നിന്ന് അടുത്തതിലേക്ക് പോകാന്‍ ഇടനാഴിയും സജ്ജമാക്കിയിട്ടുണ്ട്

കേരളത്തിലെ ഒരേ ഒരു വെസ്റ്റിബ്യൂള്‍ ബസ് ആണിത്. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ് തമ്പാനൂരിലെത്തിയ ശേഷമാണ് കൊട്ടാരക്കരയ്ക്കു വരുന്നത്. പുലര്‍ച്ചെ 5.30നും ഉച്ചയ്ക്ക് 2നും തമ്പാനൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്കും രാവിലെ 8നും വൈകിട്ട് 5നും തിരികെയും സര്‍വീസ് നടത്തും. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്കാണ് ഈടാക്കുന്നത്.

തമ്പാനൂര്‍ -കൊട്ടാരക്കര ടിക്കറ്റ് ചാര്‍ജ് 78 രൂപ. 14 മുതലാണ് സര്‍വീസ് ആരംഭിച്ചത്. തല്‍ക്കാലം പരീക്ഷണാടിസ്ഥാനത്തില്‍ ആണ് കൊട്ടാരക്കര സര്‍വീസ് തുടങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് കാലം ആയതിനാല്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥ മാറുന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

കണ്ടക്ടറുടേത് ഉള്‍പ്പെടെ 60 സീറ്റുണ്ട് ഈ ബസില്‍. 17 മീറ്ററാണ് നീളം. പ്രത്യേക പരിശീലനം നേടിയവരാണ് വെസ്റ്റിബ്യൂളിന്റെ സാരഥികള്‍. 2011ലാണ് വെസ്റ്റിബ്യൂള്‍ സര്‍വീസ് സംസ്ഥാനത്ത് ആദ്യമായി പേരൂര്‍ക്കടയില്‍ തുടങ്ങുന്നത്. ഡബിള്‍ഡക്കര്‍ ബസുകളുടെ പിന്‍ഗാമി ആയിട്ടായിരുന്നു രംഗപ്രവേശം.