Home അറിവ് എന്തുകൊണ്ട് നിങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തരുത് ?

എന്തുകൊണ്ട് നിങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തരുത് ?

നിങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയുമായി ബന്ധപ്പെട്ട് എത്രത്തോളം അറിവും ബോധവും ഉള്ള ആൾ ആകട്ടെ, കാര്യങ്ങൾ കീഴ്മേൽ മറിക്കാൻ ദുർബലമായ ഒരൊറ്റ കണ്ണി മതി. ഇടയ്ക്കിടെ സ്വന്തം പേരും വിലാസവും ഫോൺ നമ്പറും മറ്റു വിവരങ്ങളും ഗൂഗിളിൽ തിരയുന്നത് നല്ലതാണ്. ഏതെങ്കിലും സൈറ്റ് നിങ്ങൾ സമർപ്പിച്ചതുവഴിയോ അല്ലാതെയോ നിങ്ങളുടെ വിവരങ്ങൾ കൈക്കലാക്കുകയും അത് ഇന്റർനെറ്റിൽ ഇടുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കുക. അങ്ങനെ കണ്ടെത്തിയാൽ അവരെ വിളിച്ച് വിവരങ്ങൾ നീക്കംചെയ്യിക്കുക. അതിന് എത്ര ബുദ്ധിമുട്ടിയാലും മടിവേണ്ട. പ്രശ്നം നിങ്ങളുടേതാണെന്ന് ഓർക്കുക. ഇതിനുശേഷം ഗൂഗിൾ സേർച്ചിൽ നിന്ന് ഈ വിവരങ്ങൾ നീക്കാനുള്ള നടപടികളും സ്വീകരിക്കണം.
എന്തുകൊണ്ടാണ് നിങ്ങളുടെ ജനനത്തീയതി, ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ, മേൽ വിലാസം അടക്കമുള്ള വിവരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എന്നു നോക്കാം. ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് ഒരു വ്യാജ കാർഡ് നിർമിച്ച് നിങ്ങളുടെ പേരിൽ ഒരു മൊബൈൽ നമ്പർ എടുക്കുന്ന ഒരു കുറ്റവാളി, നിങ്ങളുടെ ജീവിതംതന്നെ നശിപ്പിച്ചെക്കാം.ഒരു കുറ്റവും ചെയ്യാതെ അഴിയെണ്ണേണ്ടി വന്നേക്കാം. ഡ്യൂപ്ലിക്കേറ്റ് സിം എടുത്താലോ? അല്ലെങ്കിൽ ബാങ്കിലെ ട്രാൻസാക്ഷൻ വിവരവും അക്കൗണ്ട് നമ്പറും ഒക്കെ അറിയുന്ന ആൾ ബാങ്കിൽ വിളിച്ച് ആദ്യം നിങ്ങളുടെ വിലാസം മാറ്റാനുള്ള അപേക്ഷ കൊടുക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായാലോ? എന്നിട്ട് നിങ്ങളുടെ പുതിയ കാർഡ് ആ കുറ്റവാളിയുടെ വിലാസത്തിലേക്ക് എത്തിയാലോ? ഇത്തരം ഐഡന്റിറ്റി മോഷണങ്ങൾ വിജയിക്കാൻ ഈ ശൃംഖലയിൽ ഒരു ബലംകുറഞ്ഞ കണ്ണി മതി. മൊബൈൽ സേവന ദാതാവ്/ബാങ്ക് കോൾ സെന്റർ തുടങ്ങിയ സംവിധാനങ്ങളിൽ വരുന്ന ഒരു വിട്ടുവീഴ്ച മതി എല്ലാം തകിടം മറിയാൻ.