Home അറിവ് പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ?; ജാഗ്രത വേണം

പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ?; ജാഗ്രത വേണം

ഷോപ്പിങ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സൗജന്യമായി വൈഫൈ ലഭിക്കാറുണ്ട്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അബുദാബി ഡിജിറ്റല്‍ അതോറിറ്റി.

സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധ വേണം. പൊതുസ്ഥലങ്ങളില്‍ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതാകും സുരക്ഷിതം. വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം. എയര്‍പോര്‍ട്ട്, ഷോപ്പിങ് മാള്‍, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടല്‍, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരങ്ങളാണ് ഉപയോഗിക്കുന്നത്.

അപകട സാധ്യതയും കൂടുതലാണ്. യൂസര്‍ നെയിമും പാസ് വേര്‍ഡും ഉള്ള പൊതു വൈഫൈ സേവനവും പൂര്‍ണ സുരക്ഷിതമാണെന്നു കരുതരുതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ക്കാകും.

ഇത്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അഭ്യര്‍ഥിച്ചു. മൊബൈലിലെയും ലാപ്‌ടോപ്പിലെയും സോഫ്റ്റ് വെയറുകള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.