കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആൾക്കൂട്ടത്തിലേക്ക് പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലർ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകൾ നിരത്തിവെച്ചിട്ടുണ്ട്.. ലേല തുക ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ രണ്ടേകാൽ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോൾ വൈകി അവിടെ എത്തിയവരിൽ പലരും അക്ഷാർത്ഥത്തിൽ ഞെട്ടി. കടൽ സ്വർണമെന്നറിയുന്ന പട്ത്തികോരയെ (ഗോൽ) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാൽ ലക്ഷത്തിന് ലേലം പോയത്.
ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലിയ ശസ്ത്രക്രിയകൾക്കാവശ്യമായ നൂല് നിർമാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്).കടൽ വെള്ളത്തിൽ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയർ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂർവമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലിൽപോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് മീൻ ലഭിച്ചത്.
നീണ്ടകരയിൽ മൂന്ന് കിലോമീറ്ററിനുള്ളിൽനിന്നാണ് ലക്ഷങ്ങൾ വില വരുന്ന മത്സ്യത്തെ ഇവർക്ക് കിട്ടിയത്.മൂന്നെണ്ണത്തിൽ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള രണ്ട് ആൺ മത്സ്യവും ഉൾപ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു. തീരക്കടലിൽ കല്ലിലാണ് സാധാരണ ഇവയെ കാണാറ്.
20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും.
ഒരു കിലോ പളുങ്കിന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്.സിംഗപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാർ സ്രാങ്കായ പൊന്നുതമ്പുരാൻ വള്ളത്തിനാണ് മീൻ ലഭിച്ചത്. നീണ്ടകര ഹാർബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും.കഴിഞ്ഞ സെപ്തംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോൽ മത്സ്യങ്ങൾക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.
അയോഡിൻ, ഒമേഗ-3, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായതിനാലാണ് സീ ഗോൾഡ് (Sea Gold)അഥവാ കടൽ സ്വർണം’ എന്ന് ഇവയെ വിളിക്കുന്നത്
‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും വിദഗ്ദ്ദർ പറയുന്നു.







