ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഉയര്‍ന്ന ചൂടേല്‍ക്കുന്നതും ഉഷ്ണതരംഗമേല്‍ക്കുന്നതും വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് കാരണമാകുമെന്ന് പഠനം. ജനസംഖ്യ കൂടുതലുള്ളതും ദാരിദ്ര്യമനുഭവിക്കുന്നതുമായ രാജ്യങ്ങളിലാണ് ഇതിനുള്ള സാധ്യത കൂടുതലെനന്നും പഠനങ്ങളില്‍ പറയുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്. കൂടി വരുന്ന ആഗോളതാപനവും ഇതിന് കാരണമാണ്. ലോകമെങ്ങും കൂടി വരുന്ന ചൂടും പൊതുജനാരോഗ്യവുമായി ബന്ധമുള്ളതാണ് ഈ പഠനം. ഉയരുന്ന താപനില ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഉയരുന്ന ഓരോ ഡിഗ്രി സെല്‍ഷ്യസും വളരെ മാരകമായി ഗര്‍ഭസ്ഥശിശുക്കളെ ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 15 മില്യണ്‍ കുഞ്ഞുങ്ങളാണ് മാസം തികയാതെ പിറക്കുന്നത്, ഇതില്‍ പലരും അഞ്ച് വയസിന് മുന്‍പ് മരണപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ചും ആഫ്രിക്കപോലുള്ള രാജ്യങ്ങളില്‍.
രാജ്യാന്തര വിദഗ്ധരടങ്ങിയ സംഘമാണ് ഉയര്‍ന്ന താപനിലയും പ്രസവാരോഗ്യവും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. 27 രാജ്യങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത 47 നിരീക്ഷണങ്ങളില്‍ മാസം തികയാതെ പ്രസവിക്കുന്നതും പ്രസവത്തിലെ തന്നെ കുഞ്ഞുങ്ങള്‍ മരിക്കുന്നതുമായ നാല്‍പത് പേരും കൂടിയ താപനിലയുള്ള പ്രദേശങ്ങളിലെ സ്ത്രീകളാണ്.
420 മില്യണോളം ആളുകള്‍ ഉയരുന്നചൂടിന്റെ പ്രത്യഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2018 ലെ ഐപിസിസി (Intergovernmental Panel on Climate Change)യുടെ റിപ്പോര്‍ട്ടാണ് ഇത്. ഇതിനെല്ലാമൊപ്പം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, വളരും തോറുമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയും ഈ പ്രദേശങ്ങളിലെ കുട്ടികളെ ബാധിക്കാം.