Home അന്തർദ്ദേശീയം ‘വിവാഹം കഴിക്കൂ പ്ലീസ്!! ചിലവ് ഞങ്ങള്‍ എടുത്തോളാം’; വിവാഹിതരാകുന്നവര്‍ക്ക് 4.2 ലക്ഷം തരാമെന്ന്...

‘വിവാഹം കഴിക്കൂ പ്ലീസ്!! ചിലവ് ഞങ്ങള്‍ എടുത്തോളാം’; വിവാഹിതരാകുന്നവര്‍ക്ക് 4.2 ലക്ഷം തരാമെന്ന് സര്‍ക്കാര്‍

യുവാക്കളോട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ജപ്പാനിലെ സര്‍ക്കാര്‍. നിങ്ങള്‍ ഒന്ന് കല്ല്യാണം കഴിക്കൂ, ചിലവ് ഞങ്ങള്‍ നോക്കാമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും ഉറപ്പു വരുത്തുന്നുണ്ട്.

രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാനാണ് സര്‍ക്കാര്‍ യുവാക്കളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് 4.2ലക്ഷം രൂപ ജപ്പാന്‍ സര്‍ക്കാര്‍ നല്‍കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക. ജപ്പാന്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പണം ലഭിക്കണമെങ്കില്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. അത് മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായിരിക്കുകയും വേണം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

35 വയസില്‍ താഴെയുള്ളവര്‍ക്ക് നിയമം അല്‍പം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കില്‍ അവര്‍ക്ക് വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും സര്‍ക്കാര്‍ നല്‍കുക.

വാടക, നിക്ഷേപം, ഇളവുകള്‍, സ്ഥലം മാറുന്ന ചെലവുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള പ്രയാസം കാരണം ജപ്പാനിലെ ആളുകള്‍ വൈകി വിവാഹം കഴിക്കുകയോ അവിവാഹിതരായി കഴിയുകയോ ആണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താനാണ് നവദമ്പതിമാര്‍ക്ക് സാമ്പത്തികസഹായം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് പോപുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തന്നെ തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു.