Home അറിവ് ട്രെയ്‌നുകള്‍ നിര്‍ത്തലാക്കില്ല: സമയപ്പട്ടികയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തും

ട്രെയ്‌നുകള്‍ നിര്‍ത്തലാക്കില്ല: സമയപ്പട്ടികയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തും

റെയില്‍വേ നഷ്ടത്തിലായതിനാല്‍ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് പറഞ്ഞു. ഇത്തരത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐഐടിയുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്. നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകള്‍ ഏറെയുണ്ട്. അസമയങ്ങളില്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ തീവണ്ടികള്‍ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിര്‍ത്തും.

പുനഃക്രമീകരണത്തിലൂടെ തീവണ്ടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കും. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവില്‍വരും. കൂടുതല്‍ തിരക്കുള്ള പാതകളില്‍ ക്ലോണ്‍ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, നേമം, കൊച്ചുവേളി ടെര്‍മിനല്‍ നിര്‍മാണം എന്നിവ പൂര്‍ത്തീകരിക്കാന്‍ 250 കോടി രൂപ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകും. ഇതോടെ, ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.