Home വിശ്വാസം വില്വാദ്രി ക്ഷേത്രവും, നിലവറയിലെ നിധിയും!!!

വില്വാദ്രി ക്ഷേത്രവും, നിലവറയിലെ നിധിയും!!!

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. തൃശൂർ -പാലക്കാട് അതിർത്തിയിൽ ശ്രീരാമലക്ഷ്മണന്മാരുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് പുരാണങ്ങളിലും പരാമർശമുണ്ട്. പാണ്ഡവന്മാര്‍ ശാപമോക്ഷത്തിനായി നൂഴ്ന്നതെന്ന് കരുതുന്ന പുനര്‍ജനിഗുഹ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനുള്ളിലാണ് കരിങ്കല്ലില്‍ തീര്‍ത്ത രഹസ്യ നിലവറയുള്ളത്.. കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ രഹസ്യനിലവറ കണ്ടെത്തിയിട്ട് ഏറെ വർഷങ്ങളായിട്ടില്ല. കൊച്ചി മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വില്വാദ്രിനാഥക്ഷേത്രത്തിലെ നിലവറയിൽ അമൂല്യ സമ്പത്തുണ്ടാകാനിടയുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ശ്രീകോവിലിന് പുറത്തുള്ള ചുറ്റമ്പലത്തിനുള്ളിലെ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിലാണ് കരിങ്കല്ലില്‍ തീര്‍ത്ത നിലവറയുള്ളത്. പൂര്‍ണമായും പാറയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിലെ കുഴിയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മറ്റൊരു മുറിയിലെത്താം. അതിനുള്ളിലാണ് കല്ലുകൊണ്ട് അടച്ചുവച്ച നിലവറ. ക്ഷേത്രത്തിലെ ഉപയോഗശൂന്യമായ നിലവിളക്കും മറ്റു സാമഗ്രികളുമെല്ലാം കൊണ്ടുവന്നിടുന്ന കുഴിക്കുള്ളില്‍ പരിശോധിച്ച ദേവസ്വം ജീവനക്കാരനാണ് ഈ അറ ആദ്യമായി കണ്ടെത്തിയത്. പെട്ടെന്ന് കണ്ടെത്താനാകാത്ത രീതിയിലാണ് നിലവറ നിര്‍മാണം.
നിലവറ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ജനപ്രവാഹമുണ്ടാവുകയും ദേവസ്വം അധികൃതര്‍ ഈ മുറി പൂട്ടിയിടുകയുമായിരുന്നു. പുരാവസ്തു വകുപ്പ് ഒരിക്കൽ ഈ മുറി സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രത്തില്‍ സ്വര്‍ണവില്വം അടക്കമുള്ള അമൂല്യശേഖരങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സെക്യൂരിറ്റിക്കാരെ അധികമായി നിയമിക്കുകയും ക്ഷേത്രത്തിനു ചുറ്റും ഹൈമാസ്റ്റ്ലാമ്പ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികളുടെ സ്വത്ത് അടങ്ങിയ നിലവറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സ്വർണ വില്വം അഥവാ സ്വർണ കൂവളവുമായി ബന്ധപ്പെട്ടാണ് വില്വാദ്രി നാഥ ക്ഷേത്രത്തിലെ ഐതിഹ്യം. ഇതിനാൽ തന്നെ നിലവറയും നിധിയും പഴമക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. പക്ഷേ സ്വർണ രഹസ്യം ഇനിയുംവില്വാദ്രിക്കുന്നുകൾ പുറത്ത് വിട്ടിട്ടില്ല.