Home കൃഷി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കും ഇനി വനിതകള്‍; പരിശീലനം നേടിയത് നാല്‍പ്പത് പേര്‍

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കും ഇനി വനിതകള്‍; പരിശീലനം നേടിയത് നാല്‍പ്പത് പേര്‍

പാടശേഖരങ്ങളിലെ യന്ത്രവല്‍കൃത കൃഷിക്ക് പുറമെ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി സ്ത്രീ പ്രാധിനിത്യം. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയില്‍ വര്‍ക് യാഡ് ആരംഭിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അനുവദിച്ച അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുന്നത്. കൊയ്ത്ത്, മെതി, ഉഴവ്, കളപറിക്കല്‍, ഞാറ്റടി നടല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന 40 യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത്.

കുറച്ചു പേര്‍ കൃഷിപ്പണിക്കു യന്ത്രങ്ങളുമായി പോകുമ്പോള്‍ ബാക്കിയുള്ളവര്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്നിലങ്ങളെ കൃഷി യോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നിവയാണു മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ലക്ഷ്യം.

യന്ത്രങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനും അവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയില്‍ വനിതകള്‍ക്കു പരിശീലനം നല്‍കിയിരുന്നു. 40 വനിതകള്‍ക്കാണു പരിശീലനം നല്‍കിയത്.