Home അന്തർദ്ദേശീയം കോവിഡ് വ്യാപനം; ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

കോവിഡ് വ്യാപനം; ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യാക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. വരുന്ന ഞായറാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കും, നിലവില്‍ ഇന്ത്യയിലുള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും ഈ വിലക്ക് ബാധകമാണ്. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്.