Home ആരോഗ്യം കോവിഡ് കേള്‍വിശക്തിയെ ബാധിക്കുമോ? പുതിയ പഠനം

കോവിഡ് കേള്‍വിശക്തിയെ ബാധിക്കുമോ? പുതിയ പഠനം

കോവിഡ് 19 ചിലരുടെ കേള്‍വിശക്തി തകരാറിലാക്കുമെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്ത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡിന്റെ ഈ പാര്‍ശ്വഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടായിരിക്കണമെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരുള്‍പ്പെട്ട പഠനസംഘം പറയുന്നു.

കോവിഡ് പോസിറ്റീവായ യുകെയിലെ ഒരു 45 കാരന് ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതായതിന്റെ അടിസ്ഥാലത്തിലാണ് ഗവേഷകര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ആസ്മാ രോഗി കൂടിയായ ഇയാളെ കോവിഡ് ബാധിച്ച് 10 ദിവസത്തിന് ശേഷം ശ്വാസ തടസത്തെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുപ്പതു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന ഇദ്ദേഹത്തിന് മറ്റ് സങ്കീര്‍ണതകളും ഉണ്ടായി.

റെംഡെസിവിര്‍, ഇന്‍ട്രാവീനസ് സ്റ്റിറോറോയ്ഡുകള്‍, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ തുടങ്ങിയ ചികിത്സകള്‍ക്കു ശേഷം രോഗിയുടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഇടതു ചെവിയുടെ കേള്‍വിശക്തി പെട്ടെന്ന് നഷ്ടപ്പെട്ടു. ആസ്മ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ കേള്‍വിക്ക് പ്രശ്‌നങ്ങളോ ഒന്നും ഇദ്ദേഹത്തിനില്ലായിരുന്നു.

ചെവി പരിശോധിച്ചതില്‍ നിന്ന് തടസങ്ങളോ ഇന്‍ഫ്‌ളമേഷനോ ഒന്നും ഇല്ലായിരുന്നു. സ്റ്റിറോയ്ഡ് ഗുളികകളും ഇന്‍ജക്ഷനുകളും നല്‍കിയശേഷം ഇദ്ദേഹത്തിന് കേള്‍വിശക്തി ഭാഗികമായി തിരിച്ചുകിട്ടി എന്ന് പഠനം പറയുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഫ്‌ലൂ, എച്ച് ഐ വി തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി. കേള്‍വി ശക്തി നഷ്ടപ്പെട്ടത് കോവിഡ് 19 മൂലം തന്നെയാണെന്ന് ഉറപ്പിച്ചു. കൊറോണ വൈറസിന്റെ തുടക്കത്തില്‍തന്നെ ഇതുപോലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

SARS COV 2 വൈറസ്, ശ്വസകോശത്തിലെ പ്രത്യേക കോശ ആവരണവുമായി ചേരുന്നു. ഇതുപോലെ മധ്യത്തിലെ (middle ear)കോശങ്ങളെയും വൈറസ് ബാധിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. വൈറസ്, ഇന്‍ഫ്‌ളമേറ്ററി റസ്പോണ്‍സിനു കാരണമാകുന്നു. ചില രാസവസ്തുക്കളുടെ കൂടുന്നതാകാം കേള്‍വി നഷ്ടത്തിനു കാരണമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
രോഗികളുടെ കേള്‍വി ശക്തി നഷ്ടത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അടിയന്തിരമായി വേണ്ട ചികിത്സ നല്‍കണമെന്നും ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.