Home അന്തർദ്ദേശീയം ഭയം വിതച്ച് മറ്റൊരു വൈറസ് കൂടി

ഭയം വിതച്ച് മറ്റൊരു വൈറസ് കൂടി

കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ചൈനയില്‍ ഇതിനകം 35 പേര്‍ക്ക് ബാധിച്ചതായാണ് കണ്ടെത്തിയത്.തായ്വാനിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കുന്ന വിവരമനുസരിച്ച്‌ കിഴക്കന്‍ ചൈനയിലെ രണ്ട് പ്രവിശ്യകളില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഷാന്‍ഡോംഗ്, ഹെനാന്‍ എന്നിവിടങ്ങളിലാണിവ. ഈ സ്ഥലങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലാംഗ്യ ഹെനിപാവൈറസ് എന്നാണ് മാരക രോഗ ശേഷിയുള്ള വൈറസിനെ വിളിക്കുന്നത്. ഇതാദ്യമായാണ് മനുഷ്യരില്‍ ലാംഗ്യ വൈറസ് കണ്ടെത്തുന്നത്.ഹെനിപാവൈറസ് കുടുംബത്തില്‍ പെട്ട വൈറസ് ബ്രിസ്‌ബേന്‍ നഗരപ്രാന്തത്തിലാണ് ആദ്യം കണ്ടെത്തിയത്. ഗുരുതരമായ അണുബാധയ്ക്ക് കാരണമായേക്കാവുന്ന ഹെനിപാവൈറസിനെ ബയോ സേഫ്റ്റി ലെവല്‍ നാലിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്. മരണനിരക്ക് 40 മുതല്‍ 75 ശതമാനം വരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ചൈനയില്‍ രോഗംബാധിച്ചവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. വൈറസ് ബാധിച്ചവരുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും രോഗത്തിന് വാക്സിന്‍ ലഭ്യമല്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. സസ്തനികളായ മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

പനി ബാധിച്ച്‌ ചികിത്സ തേടിയവരില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശി വേദന, ഓക്കാനം, തലവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

ചൈനയ്ക്ക് പുറത്ത് ഇതുവരെയും ലാംഗ്യ വൈറസ് കണ്ടെത്തിയതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.