Home അറിവ് മൂന്നാം തരംഗം ഏതു സമയവും; ആശങ്കയുണര്‍ത്തുന്ന അശ്രദ്ധ; ഐഎംഎ

മൂന്നാം തരംഗം ഏതു സമയവും; ആശങ്കയുണര്‍ത്തുന്ന അശ്രദ്ധ; ഐഎംഎ

രാജ്യത്ത് കോവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന് അഭ്യര്‍ഥിച്ച ഐഎംഎ അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവത്തില്‍ ആശങ്ക അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം ഇനിയും മുഴുവനായി മുക്തി നേടിയിട്ടില്ല. രാഷ്ട്രീയ നേതൃത്വവും ആധുനിക വൈദ്യശാസ്ത്രവും കൂട്ടായി യത്നിച്ചതുകൊണ്ടാണ് രണ്ടാം തരംഗത്തെ നേരിടാനായതെന്ന് ഐഎംഎ പറയുന്നു. ”ആഗോളതത്തിലെ പ്രവണതകള്‍ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാല്‍ പലയിടത്തും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാവുന്നത് കാണാനാവുന്നുണ്ട്. ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്”- ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

വിനോദ സഞ്ചാര യാത്രകള്‍, തീര്‍ഥാടനം, മതപരമായ കൂടിച്ചേരലുകള്‍ എല്ലാം ഏതാനും മാസം കൂടി നീട്ടിവച്ചേ മതിയാവൂ. വാക്സിന്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരാന്‍ അവസരം ഒരുക്കുന്നത് മൂന്നാം തരംഗത്തിലെ സൂപ്പര്‍ സ്പ്രെഡിന് കാരണമാവുമെന്ന് ഐഎംഎ പറയുന്നു.

കോവിഡ് ബാധിച്ച ഒരാളെ ചികിത്സിക്കുന്നതും അതിന്റെ സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്താല്‍ ഇത്തരം കൂടിച്ചേരലുകള്‍ ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കുറവായിരിക്കുമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. വാക്സിനേഷന്‍ വേഗത്തിലാക്കിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും മൂന്നാം തരംഗം ഒഴിവാക്കാനാവുമെന്നും ഐഎംഎ പറഞ്ഞു.