Home ആരോഗ്യം രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ്

രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ്

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നു പുറത്തിറക്കിയേക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പതു മാസം പിന്നിട്ടവര്‍ക്കായിരിക്കും കരുതല്‍ ഡോസ് എന്ന ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് സൂചന. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും ജനുവരി പത്തു മുതല്‍ കരുതല്‍ ഡോസ് നല്‍കിത്തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

അറുപതു വയസ്സിനു മുകളിലുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കരുതല്‍ ഡോസിന് അര്‍ഹതുണ്ടാവും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും മൂന്നാം ഡോസ് നല്‍കേണ്ട കാര്യമില്ലെന്നാണ്, ഇതുവരെയുള്ള ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അധികൃതര്‍ പറയുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പതു മുതല്‍ 12 മാസം വരെ പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക ഡോസ് നല്‍കാം. മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 578 ആയി. മധ്യപ്രദേശില്‍ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും രോഗം കണ്ടെത്തി.

രാജ്യത്തെ വടക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതും ആശങ്ക പരത്തുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ഇന്നലെ യഥാക്രമം 922, 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടങ്ങളില്‍ കേസുകള്‍ ഉയരുന്നത്.

ഏഴ് മാസത്തിനിടെ മുംബൈ നഗരത്തില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 21 ശതമാനം കേസുകളാണു നഗരത്തില്‍ ഉയര്‍ന്നത്. ഇതോടെ മുംബൈയില്‍ നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 4000 കടന്നു.

അതിനിടെ ഒമൈക്രോണ്‍ വ്യാപനം തടയാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്. ഹരിയാന, യുപി, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് തലസ്ഥാനത്ത് രാത്രി കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം.