Home ആരോഗ്യം വിശപ്പില്ലാതാക്കി വണ്ണം കുറയ്ക്കാം; ഹോര്‍മോണ്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

വിശപ്പില്ലാതാക്കി വണ്ണം കുറയ്ക്കാം; ഹോര്‍മോണ്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

മാറി വരുന്ന ജീവിതരീതി മനുഷ്യന് സമ്മാനിച്ച വിപത്താണ് അമിതവണ്ണം. അമിതവണ്ണം മൂലം നിരവധി രോഗാവസ്ഥകളാണ് മനുഷ്യര്‍ നേരിടുന്നത്. വണ്ണം കുറയാന്‍ വേണ്ടി മിക്കവരും ഡയറ്റ് എടുക്കാറുണ്ടെങ്കിലും ഏറെപ്പേരും വിശപ്പ് സഹിക്കാനാകാതെ ഡയറ്റ് പാതിയില്‍ വേണ്ടെന്ന് വയ്ക്കാറുമുണ്ട്.

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും വിശപ്പ് മാറ്റാനും കഴിയുന്ന ഒരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. ആദ്യം എലികളില്‍ പരീക്ഷിച്ച വിജയകരമെന്ന് കണ്ടെത്തിയ ഈ ഹോര്‍മോണ്‍ മനുഷ്യരിലും സമാന ഫലങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

ലിപ്പോകാലിന്‍-2 (എല്‍സിഎന്‍2) എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാരില്‍ ഉപയോഗിക്കുക. ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. എലികളുടെയും മനുഷ്യരുടെയും ബോണ്‍ സെല്ലുകള്‍ സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് എല്‍സിഎന്‍ 2. ഈ ഹോര്‍മോണ്‍ നല്‍കിക്കഴിഞ്ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും.

കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറുനിറഞ്ഞ പ്രതീതി ഉണ്ടാകുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. തലച്ചോറിലെ ഹൈപ്പോതലാമസില്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഇതിന് കാരണം.

എല്‍സിഎന്‍2 എത്രത്തോളം അളവില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നത്. സാധാരണ ശരീരഭാരമുള്ളയാള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എല്‍സിഎന്‍ 2 ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും.

അതേസമയം ശരീരഭാരം കൂടുതലുള്ളവരില്‍ ഹോര്‍മോണ്‍ അളവ് കുറവായിരിക്കും. ഇതിനാലാണ് ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. അത് ശരീരഭാരം കൂടുന്ന അവസ്ഥയിലേക്ക് നയിക്കും. സര്‍ജറിയിലൂടെ ശരീരഭാരം കുറച്ചവരില്‍ എല്‍സിഎന്‍ 2 ഉത്പാദിപ്പിക്കപ്പെടുന്ന അളവ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയെന്നും വീണ്ടും വണ്ണം കൂടാതിരിക്കാന്‍ ഇത് ഇവര്‍ക്ക് പ്രയോജനം ചെയ്യാറുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.