Home വാണിജ്യം 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ലോകത്തെ 53.3 കോടി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. 106 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ലഭ്യമാണ്. ഇത് സൗജന്യമായി ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, മുഴുവന്‍ പേരുകള്‍, സ്ഥലവിവരങ്ങള്‍, ജനനത്തീയതികള്‍, ഇമെയില്‍ ഐഡികള്‍ എന്നിവയെല്ലാം ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ വിവരങ്ങള്‍, 60 ലക്ഷം ഇന്ത്യക്കാരുടെ അക്കൌണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു. എന്നാല്‍ ഈ ചോര്‍ച്ചയോട് പ്രതികരിച്ച ഫേസ്ബുക്ക് ഈ വിവരങ്ങള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതാണെന്നാണ് വാദിക്കുന്നത്. 2019 ല്‍ ഇത് ചോരാന്‍ ഇടയായ പ്രശ്‌നങ്ങള്‍ തീര്‍ത്തതാണെന്ന് ഫേസ്ബുക്ക് പറയുന്നു.

ചോര്‍ന്ന ഡേറ്റയ്ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും സൈബര്‍ കുറ്റവാളികള്‍ക്ക് ഇത് വിലപ്പെട്ട വിവരങ്ങള്‍ തന്നെയാണെന്ന് സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ പറഞ്ഞു. ഇത്തരം വിവരങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കടക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വരുന്ന മുന്നറിയിപ്പ്.