Home വിദ്യഭ്യാസം ഇനി എന്‍ജിനീയറിങ്ങിന് ചേരാന്‍ കണക്കും ഫിസിക്‌സും വേണമെന്നില്ല; ബിസിനസ് സ്റ്റഡീസ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം

ഇനി എന്‍ജിനീയറിങ്ങിന് ചേരാന്‍ കണക്കും ഫിസിക്‌സും വേണമെന്നില്ല; ബിസിനസ് സ്റ്റഡീസ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം

നി എന്‍ജിനീയറിങ് ബിരുദ കോഴ്‌സിന് ചെരണമെങ്കില്‍ പ്ലസ്ടു തലത്തില്‍ കണക്കും ഫിസിക്സും പഠിക്കണമെന്ന നിര്‍ബന്ധമില്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേല്‍നോട്ട സമിതിയായ എഐസിടിഇയാണ് എന്‍ജിനീയറിങ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്. അതേസമയം, എന്‍ജിനീയറിങ് പഠനത്തില്‍ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തില്‍ പഠിക്കാത്തവര്‍ക്കും പ്രവേശനം നല്‍കാനുള്ള നീക്കത്തിനെതിരെ അക്കാദമിക പണ്ഡിതര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.

അടുത്ത അക്കാദമിക വര്‍ഷത്തില്‍ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനം നേടാന്‍ കണക്കും ഫിസിക്സും എഐസിടിഇ ഓപ്ഷണല്‍ ആക്കിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ പഠിക്കാന്‍ പ്ലസ്ടു തലത്തില്‍ ഫിസിക്സും കണക്കും നിര്‍ബന്ധമാണ്. പകരം അടുത്ത അധ്യയന വര്‍ഷം മുതല്‍ 14 വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസായാല്‍ മതി.

ഫിസിക്സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോളജി, ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസസ്, ബയോ ടെക്നോളജി, ടെക്നിക്കല്‍ വൊക്കേഷണല്‍, അഗ്രികള്‍ച്ചറല്‍, എന്‍ജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ്, എന്റര്‍പ്രണര്‍ഷിപ്പ് എന്നി വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങള്‍ പഠിച്ചാല്‍ മതിയെന്നാണ് എഐസിടിഇ നിഷ്‌കര്‍ഷിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. മൂന്ന് വിഷയങ്ങളില്‍ 45 ശതമാനവും അതിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.