Home ആരോഗ്യം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും; ഏതെന്ന് നോക്കാം

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും; ഏതെന്ന് നോക്കാം

ല്ല ഓര്‍മശക്തിക്കും ബുദ്ധിയ്ക്കും ഹെല്‍ത്തി ഡയറ്റ് ആവശ്യമാണെന്ന് എത്രപേര്‍ക്കറിയാം. ശരീരത്തിന് ലഭ്യമാവുന്ന ഊര്‍ജത്തിന്റെ 20 ശതമാനം ചെലവഴിക്കുന്നത് മസ്തിഷ്‌കമാണെന്നുള്ള കാര്യം പലരും മറന്ന് പോകുന്നു. അതുകൊണ്ട് ചില ആഹാരങ്ങള്‍ ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാനും മറവിരോഗങ്ങള്‍ ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കും. ഏതൊക്കെയാണെന്ന് നോക്കാം.

ദിവസവും നട്‌സ് കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌ക ആരോഗ്യത്തിന് നല്ലതാണ്. വാല്‍നട്ട് ഇക്കാര്യത്തില്‍ ഒന്നാമനാണ്. മസ്തിഷ്‌കത്തിന്റെ സൂപ്പര്‍ ഫുഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. പോഷകങ്ങളാല്‍ സമൃദ്ധമാണ് ഇവ.

ആല്‍ഫ- ലിനോലെനിക് ആസിഡ്(സസ്യജന്യ ഒമേഗ-3 ഫാറ്റി ആസിഡ്), പോളിഫിനോലിക് കോംപൗണ്ടുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാല്‍നട്ടുകള്‍. ഇവ രണ്ടും ക്രിട്ടിക്കല്‍ ബ്രെയിന്‍ ഫുഡ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇവ ബൗദ്ധിക കഴിവുകള്‍ വികസിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ്, അണുബാധകള്‍ എന്നിവയ്‌ക്കെതിരെ പോരാടും.

മസ്തിഷ്‌ക്കത്തില്‍ അസെറ്റൈല്‍കോളിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്ന നട്ട് ആണ് ബദാം. വൈറ്റമിന്‍ ബി6, വിറ്റാമിന്‍ ഇ, സിങ്ക്, പ്രോട്ടീന്‍ തുടങ്ങിയവയുടെ സാന്നിധ്യം ബദാമില്‍ ഉള്ളതിനാല്‍ കോശങ്ങളുടെ പുനരുജ്ജീവനം, ന്യൂറോട്രാന്‍സ്മിറ്റര്‍ രാസവസ്തുവിന്റെ ഉത്പാദനം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

മെമ്മറി ബൂസ്റ്റര്‍ എന്നാണ് കശുവണ്ടി അറിയപ്പെടുന്നത്. മസ്തിഷ്‌ക കോശങ്ങളുടെ ഉത്പാദനത്തിന് അത്യാവശ്യമായ പോളി സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഇവയിലുണ്ട്.

മത്തന്‍ വിത്തുകള്‍, ഫ്‌ലേക്‌സ് സീഡുകള്‍ എന്നിവ മസ്തിഷ്‌ക ആരോഗ്യത്തിന് വളരെ നല്ലതാണ്. വിത്തുകളില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി എന്നിവ ചിന്താശേഷിയെ വര്‍ധിപ്പിക്കുകയും ഓര്‍മശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്യും.

ആന്‍തോസയാനിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മസ്തിഷ്‌ക ആരോഗ്യത്തിന് വളരെ നല്ലതാണ്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് വൈകിപ്പിക്കാന്‍ ഇവ സഹായിക്കും.

ഓറഞ്ച്, മുന്തിരി, ലെമണ്‍ തുടങ്ങിയവ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. മസ്തിഷ്‌കത്തിന്റെ ചുറുചുറുക്ക് നിലനിര്‍ത്താന്‍ ഏറെ പ്രധാനപ്പെട്ടതാണ് ഇവ. സ്‌ട്രെസ്സ്, ഉത്കണ്ഠ, വിഷാദം, പ്രായാധിക്യം മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന തകരാറുകളായ ഡിമെന്‍ഷ്യ, അല്‍ഷൈമേഴ്‌സ് എന്നിവ തടയാനും വൈറ്റമിന്‍ സി സഹായിക്കും.

ബ്രൊക്കോളി, കോളിഫ്‌ളവര്‍, ബ്രസ്സല്‍ സ്പ്രൗട്ട് ഇവയെല്ലാം ക്രൂസിഫെറസ് വെജിറ്റബിള്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ മികവ് വര്‍ധിപ്പിക്കാനും കൊഗ്‌നിറ്റീവ് കഴിവുകള്‍ വികസിപ്പിക്കാനും സഹായിക്കും.

പച്ചനിറമുള്ള ഗ്ലൂക്കോസിനോലെറ്റുകള്‍ എന്ന ഈ വസ്തുക്കള്‍ ന്യൂറോട്രാന്‍സ്മിറ്ററുകളായ അസെറ്റൈല്‍കോളിന്‍ വിഘടിക്കുന്നത് വൈകിപ്പിച്ച് മസ്തിഷ്‌കാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും കൃത്യമായി പ്രവര്‍ത്തിക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും അസെറ്റൈല്‍കോളിന്‍ സഹായിക്കും. അസെറ്റൈല്‍കോളിന്‍ നില കുറയുന്നത് അല്‍ഷൈമേഴ്‌സിന് കാരണമാകും.

അയില, മത്തി, ട്യൂണ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കോശസ്തരത്തെ നിര്‍മ്മിക്കാന്‍ സഹായിക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.