Home നാട്ടുവാർത്ത ദേശീയ പാർട്ടി പദവി നഷ്ടമാകുമോ എന്ന ആശങ്കയിൽ സിപിഎമ്മും സിപിഐയും…

ദേശീയ പാർട്ടി പദവി നഷ്ടമാകുമോ എന്ന ആശങ്കയിൽ സിപിഎമ്മും സിപിഐയും…

ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.


മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍.

നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും.

നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.

കഴിഞ്ഞ തവണ രണ്ടു സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് സിപിഎം ദേശീയ പാര്‍ട്ടി പദവിക്ക് അപേക്ഷ നല്‍കിയത്. സിപിഐക്കാണെങ്കിൽ നിബന്ധന പാലിക്കാനുമായില്ല. എന്നാൽ ദേശീയപാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷൻ ഒരു തെരഞ്ഞെടുപ്പിൽ കൂടി അവസരം നല്കാൻ തീരുമാനിച്ചു.
ഈ തെരഞ്ഞെടുപ്പ് അതിനാൽ രണ്ടു പാർട്ടികൾക്കും നിർണ്ണായകമാണ്.

കേരളത്തിനു പുറമെ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം നില്ക്കുന്ന ഇടതു പാർട്ടികൾ രണ്ടിടത്ത് ജയം പ്രതീക്ഷിക്കുന്നു. എന്നാൽ പശ്ചിമബംഗാളിൽ നീക്കു പോക്ക് തകർന്നതോടെ വിജയപ്രതീക്ഷകള്‍ തുലാസിലായി. ത്രിപുരയിലും ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. അതായത് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി സീറ്റ് ഒതുങ്ങിയേക്കാം. കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിൽ കൂടി സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം.


ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങൾക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല. 35 വര്‍ഷം ബംഗാൾ ഭരിച്ച സിപിഎം ഇപ്പോഴവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്.

മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാന പാർട്ടിയായി ഒതുങ്ങുമോ എന്ന ഭീഷണി നേരിടുകയാണ് ഒരു കാലത്ത് പല സംസ്ഥാനങ്ങളിലും നിർണ്ണായക സാന്നിധ്യമുണ്ടായിരുന്ന ഇടതുപക്ഷം