Home അറിവ് അറിഞ്ഞ് പരിപാലിക്കാം വളര്‍ത്തു നായ്ക്കളെ…

അറിഞ്ഞ് പരിപാലിക്കാം വളര്‍ത്തു നായ്ക്കളെ…

വ്യത്യസ്തമായ നാനൂറോളം നായ ജനുസ്സുകൾ (breeds) ലോകത്തിലുണ്ട്. ശരീര ഘടനയിലും, പാരമ്പര്യ ഗുണത്തിലുമുള്ള സവിശേഷതകൾ മൂലം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത ചില ജനുസ്സുകൾക്ക് കൂടുതലാണ്. അതിനാൽ ഇനമനുസരിച്ചുള്ള പരിപാലനം ഇവയ്ക്ക് നൽകാൻ ശ്രദ്ധിക്കണം.
കൂടൊരുക്കേണ്ടതും ഇനത്തിനു ചേർന്ന വിധത്തിലായിരിക്കണം. കൂടിയ ചൂടും തണുപ്പും താങ്ങാനുള്ള കഴിവ് ചില ഇനങ്ങൾക്കു കുറവായിരിക്കും.

നായ്ക്കൾക്കു പൊതുവെ ചൂട് താങ്ങാനുള്ള കഴിവ് കുറവാണ്. വിയർപ്പുഗ്രന്ഥിയില്ലാത്തതാണ് കാരണം. ശ്വസന നിരക്ക് കൂട്ടിയും നാവ് പുറത്തേക്കിട്ട് അണച്ചുമൊക്കെയാണ് ഇവ ഉയർന്ന ചൂടിനെ ചെറുക്കുന്നത്. ചർമ്മത്തിനടിയിലെ കൊഴുപ്പിന്റെ പാളിക്കു കട്ടി കൂടുതലുള്ള ചില ജനുസ്സുകൾക്ക് (ഉദാ: ബുൾഡോഗ്, പഗ്) ചൂടുകാലം ഏറെ ദുഷ്കരമാണ്. ഇവയ്ക്ക് അത്യുഷ്ണത്താൽ മരണം വരെ സംഭവിക്കാം.

ഇവയുടെ കൂട്ടിൽ ചൂട് കുറയ്ക്കാനുള്ള എ.സി., കൂളർ, ഫാൻ തുടങ്ങിയ സൗകര്യങ്ങളൊരുക്കണം. ധാരാളം ശുദ്ധജലം കുടിയ്ക്കാൻ നൽകണം. വേനലിൽ വെള്ളം തളിച്ചോ, നനച്ച തുണി ഇട്ടോ ആശ്വാസം നൽകാം. തടിയന്മാർക്ക് ചൂട് അസഹ്യമായതിനാൽ പൊണ്ണത്തടി വരാതെ ആഹാരവും, വ്യായാമവും ക്രമീകരിക്കണം.

മനുഷ്യരിലെന്ന പോലെ വളർത്തു നായ്ക്കളിൽ അർബുദ രോഗബാധ കൂടുന്നതായി കാണുന്നുണ്ട്. നായ്ക്കളിൽ രോഗം മൂലമുള്ള മരണത്തിന്റെ 27 ശതമാനത്തിലും കാരണം അർബുദമാണെന്ന് ചില പഠനങ്ങൾ പറയുന്നു. റോട്ട് വെയ്ലർ, ജർമൻ ഷെപ്പേർഡ്, ഗ്രേറ്റ് ഡെയ്ൻ, ലാബ്രഡോർ, ബോക്സർ, ഗോൾഡൻ റിട്രീവർ ഇനങ്ങൾക്ക് ട്യൂമർ സാധ്യത കൂടുതലാണ്. വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, മുഴകൾ എന്നിവയ്ക്കും സാധ്യത കൂടും. ഇത് പാരമ്പര്യ പ്രശ്നമായി കണക്കാക്കുന്നതിനാൽ ഇവയുടെ കുട്ടികളെ വാങ്ങുമ്പോൾ പാരമ്പര്യ ഗുണവും നോക്കണം.
ഊർജ്ജ്വസ്വലരായ പല ഇനങ്ങൾക്കും കൃത്യമായ വ്യായാമം കൂടിയേ തീരൂ. അൽസേഷ്യൻ, ലാബ്രഡോർ ജനുസ്സുകൾക്ക് ഭക്ഷണശേഷം ഉടൻ വ്യായാമം അനുവദിക്കരുത്.

വളരുന്ന പ്രായത്തിൽ എല്ലിന്റെ വളർച്ചയ്ക്ക് ഏറെ ആവശ്യമായ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി. എന്നിവയുടെ അളവും അനുപാതവും കൃത്യമായില്ലെങ്കിൽ അതിവേഗം വളരുന്ന ജനുസ്സുകളുടെ എല്ലുകൾക്കു പ്രശ്നങ്ങളുണ്ടാകും. വളർച്ചയ്ക്കനുസരിച്ച് മേൽപറഞ്ഞ പോഷകങ്ങൾ കിട്ടിയില്ലെങ്കിൽ എല്ലുകൾക്ക് ഒടിവും പൊട്ടലുമാകും ഫലം. എന്നാൽ മേൽപറഞ്ഞ പോഷകങ്ങൾ അമിതമായാൽ എല്ലിന്റെ വളർച്ച, ശരീരവളർച്ചയെ മറികടന്ന് വൈകല്യങ്ങൾക്കു കാരണമാകും.

ലാബ്രഡോർ, അൽസേഷൻ, റോട്ട് വെയ്ലർ തുടങ്ങിയ ഇനങ്ങൾക്ക് ഇടുപ്പുസന്ധിയുടെ സ്ഥാനംതെറ്റൽ സാധാരണമാണ്. സമീകൃതാഹാരവും പരിപാലനവും ലഭിക്കാതായാൽ പ്രശ്നം രൂക്ഷമാകും. ശരീര ഭാരം മുഴുവൻ പിൻകാലുകളിൽ താങ്ങുന്ന ജർമൻ ഷെപ്പേർഡ് ഇനങ്ങളിൽ ഇടുപ്പ് പെട്ടെന്ന് സ്ഥാനം തെറ്റുന്നു. ഗർഭാവസ്ഥയിലും വളരുന്ന പ്രായത്തിൽ കുട്ടികൾക്കും വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വിറ്റാമിൻ, ധാതുമിശ്രിതങ്ങൾ നൽകാവൂ. ഇവയുടെ അളവ് സമീകൃതമാകാൻ വേണ്ടിയാണ് ഈ കരുതൽ.

ഡാഷ്ഹണ്ട്, ബീഗിൾ തുടങ്ങിയ ഇനങ്ങൾക്കു നട്ടെല്ലിന്റെ പ്രശ്നങ്ങളാണ് കൂടുതൽ. ഡിസ്കിന്റെ സ്ഥാനം തെറ്റലും മറ്റും ഇവയെ അലട്ടാറുണ്ട്. അതിനാൽ അമിത ഭാരവും, ഉയരത്തിൽനിന്നുള്ള ചാട്ടവും മറ്റും ഇത്തരം ബ്രീഡുകളിൽ നിയന്ത്രിക്കണം. ഷിവാവ, ലാസാപ്സോ തുടങ്ങിയവയിൽ കാൽമുട്ടിന്റെ ചിരട്ടയ്ക്കു പ്രശ്നങ്ങൾ കാണാറുണ്ട്.

കണ്ണ്, ചെവി, പല്ല് എന്നിവയുടെ പരിപാലനം ചില ജനുസ്സുകളിൽ ഏറെ ശ്രദ്ധിക്കണം. തൂങ്ങി നിൽക്കുന്ന നീണ്ട ചെവികളുള്ള ബ്ലഡ് ഹൗണ്ട്, ലാബ്രഡോർ, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ഇനങ്ങളിൽ ഹെമറ്റോമ രോഗത്തിന് സാധ്യത ഏറെയാണ്. ചെവി കുടയുമ്പോൾ തൂങ്ങിക്കിടക്കുന്ന ഭാഗം തലയിലടിച്ച് രക്തക്കുഴലുകൾ പൊട്ടി ചെവിയുടെ തൂങ്ങലിൽ രക്തം നിറയുന്ന അവസ്ഥയാണിത്. പൊങ്ങിനിൽക്കുന്ന ചെവിയുള്ള ഇനങ്ങളിൽ പൊടിയും രോഗാണുക്കളും എളുപ്പത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കാം. കൃത്യമായ ഇടവേളകളിൽ കാതുകൾ പരിശോധിച്ച്, വൃത്തിയാക്കി അധിക രോമം മുറിച്ചു കളയണം.

ഡാൽമേഷൻ നായ്ക്കളിൽ കാണുന്ന പാരമ്പര്യ പ്രശ്നമാണ് ബധിരത. അതിനാൽ ഇവയെ വാങ്ങുമ്പോൾ ശ്രവണ പരിശോധന നടത്തണം. ബാസറ്റ് ഹൗണ്ട്, ബീഗിൾ, കോക്കർ സ്പാനിയേൽ തുടങ്ങിയ ഇനങ്ങൾക്ക് ഗ്ലൂക്കോമയും, ലാബ്രഡോർ ഇനത്തിന് തിമിരബാധയും കൂടുതലായി കാണാം. പോമറേനിയൻ പോലുള്ള ഇനങ്ങൾക്ക് കണ്ണിൽ നിന്നും സ്രവങ്ങൾ ഒലിച്ച് കണ്ണിനടിയിൽ കറുത്ത ചാലുകൾ ഉണ്ടായി അണുബാധ വരാറുണ്ട്. ഈ ഭാഗം ഒരു ശതമാനം വീര്യമുള്ള ബോറിക് ആസിഡ് ലായനികൊണ്ടു തുടച്ച് വൃത്തിയാക്കാം. ഷിവാവ എന്ന ചെറുനായയ്ക്ക് ദന്തരോഗങ്ങൾ കൂടും.

സുന്ദരമായ രോമക്കുപ്പായമാണ് പല ജനുസ്സുകളുടെയും അഴക്. എന്നാൽ രോമാവരണത്തിനുള്ളിൽ പൊടിയും അഴുക്കും ബാഹ്യപരാദങ്ങളും താമസമാക്കി ചർമ്മരോഗങ്ങൾക്ക് വഴിവയ്ക്കാം. രോമാവരണം കാരണം പല ചെറിയ മുറിവുകളും കാണാതെ പോകുകയും അവിടെ ഈച്ച മുട്ടയിട്ട് വലിയ വ്രണങ്ങളാകുകയും ചെയ്യാം. ചില ഇനങ്ങളിൽ താരന്റെ ശല്യമുണ്ടാകും. ബുൾഡോഗ് പോലുള്ള ഇനങ്ങളുടെ ചർമത്തിൽ മണ്ഡരിബാധ കൂടുതലാകാം. കോക്കർ സ്പാനിയേലിന് അലർജിക്കു സാധ്യതയേറും. കൃത്യമായി ബ്രഷ് ചെയ്ത മുടി ചീകി അമിത രോമങ്ങൾ മുറിച്ചു മാറ്റി പരിപാലിക്കണം.

ബോക്സർ, ഡോബർമാൻ, ജർമൻ ഷെപ്പേർഡ് ഇനങ്ങൾക്ക് ഹൃദ്രോഗ സാധ്യതയേറും. ലാബ്രഡോർ, പഗ്, ബീഗിൾ, ബ്ലഡ് ഹൗണ്ട്, ബുൾഡോഗ് എന്നിവയ്ക്കു പൊണ്ണത്തടിയുണ്ടാകാം. അതിനാൽ വ്യായാമം അത്യാവശ്യം. ഡാൽമേഷന്റെ കരളിന് യൂറിക് ആസിഡ് വിഘടിപ്പിക്കാനുള്ള കഴിവ് കുറവായതിനാൽ അമിത മാംസ്യം അടങ്ങിയ ആഹാരം ചർമ്മരോഗത്തിനും വൃക്കയിൽ കല്ലിനും കാരണമാകും.