സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുകയാണ്.
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. 92.7 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 86.61 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയാണ് വില.
ഇന്ധന വിലയിലെ ഈ കുതിപ്പ് കുടുംബ ബഡ്ജറ്റിന്റെ താളമാണ് തെറ്റിക്കുന്നത്. സാധാരണക്കാര്‍ക്ക് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും കുതിക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ടിയോളമാണ് വില വര്‍ധനവുണ്ടായത്.
ഒരു ലിറ്റര്‍ പാമോയിലിന് പതിനഞ്ച് ദിവസം മുന്‍പത്തെ വില 80 രൂപയായിരുന്നു. ഇപ്പോഴത് 150 രൂപയായി ഉയര്‍ന്നു. ഞൊടിയിടയില്‍ 70 രൂപയുടെ വര്‍ധനവാണുണ്ടായത്. 170 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ 230 ആയി. 160 രൂപയുണ്ടായിരുന്ന നല്ലെണ്ണ 230 ആയപ്പോള്‍, 90 രൂപയുണ്ടായിരുന്ന സണ്‍ഫ്ളവര്‍ ഓയില്‍ 160 ആയി ഉയര്‍ന്നു.
ഭക്ഷ്യ എണ്ണകളില്‍ മാത്രമല്ല, വിലക്കയറ്റം. ചെറിയ ഉള്ളിയുടെ വില 70ല്‍ നിന്ന്് 130 ആയി ഉയര്‍ന്നു. 25 രൂപയുണ്ടായിരുന്ന സവാള 55 ആയി. 190 രൂപയുണ്ടായിരുന്ന തേയിലക്ക് നൂറു രൂപ കൂടി. 110 രൂപയുണ്ടായിരുന്ന ഉഴുന്നിന് ഇപ്പോള്‍ 140ഉം 90 രൂപയുണ്ടായിരുന്ന പരിപ്പിന് 120 രൂപയും കൊടുക്കണം. 80 രൂപയുടെ വെളുത്തുള്ളി പത്തുദിവസം കൊണ്ടാണ് 140ല്‍ എത്തിയത്. 90 രൂപയുണ്ടായിരുന്ന ഗ്രീന്‍പീസ് 130 ലേക്ക് കുതിച്ചു.
ഇത് മൊത്തവ്യാപാര കേന്ദ്രങ്ങളിലെ വിലയാണ്. ചില്ലറക്കച്ചവടക്കാരിലൂടെ സാധാരണക്കാരിലേക്ക് എത്തുമ്പോള്‍ വില ഇനിയും ഉയരാണ് സാധ്യത.