Home അറിവ് വോട്ട് ചെയ്യാം ഇങ്ങനെ…

വോട്ട് ചെയ്യാം ഇങ്ങനെ…

പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്.
ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക.
രണ്ടാം പോളിങ്ങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലിൽ മായാത്ത മഷി തേക്കുന്നത്.
നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷി പുരട്ടുക. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്.
രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ മഷി കയ്യിൽ പുരട്ടിയിട്ടുണ്ടോയെന്നും ഇദ്ദേഹം ഉറപ്പ് വരുത്തും.
മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിക്കഴിഞ്ഞാൽ വോട്ടർക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിങ്ങ് പ്രക്രിയ പൂർത്തിയാക്കാം.

വോട്ടർമാർക്ക് ഉപയോഗിക്കാം 12 തിരിച്ചറിയൽ രേഖകൾ

ലോക്‌സഭാ തെരഞ്ഞടുപ്പിൽ വോട്ടർമാർക്ക് 12 വിവിധയിനം തിരിച്ചറിയൽ രേഖകൾ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഉപയോഗപ്പെടുത്താം.
വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവ്വീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്നവ), ഫോട്ടോ പതിച്ച് പാസ് ബുക്ക് (സഹകരണബാങ്ക് ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്നവ), പാൻകാർഡ്, സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്), ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ (എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്), ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും വോട്ടുചെയ്യുന്നതിനായി ഉപയോഗപ്പെടുത്താം. ഫോട്ടോ പതിച്ച വോട്ടർസ്ലിപ് സമ്മതിദാന കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗികരേഖയല്ല. വോട്ടർ സ്ലിപ്പ് സമ്മതിദായകന് മാർഗ്ഗനിർദേശം നൽകുന്നതിന് വേണ്ടി മാത്രമാണ്.