‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ‘ എന്ന ചിത്രത്തിലെ അതിമനോഹരമായ റെയില്‍വേ സ്റ്റേഷന്‍ ഓര്‍മയില്ലേ? ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ആണെന്നു നമ്മൾ തെറ്റിദ്ധരിച്ച അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍.
കേരളത്തിലെ വലിയ റെയില്‍വേ ജങ്ഷനായ ഷൊര്‍ണൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് പച്ചപ്പും മനോഹാരിതയും മേളിക്കുന്ന നിലമ്പൂര്‍ ജങ്ഷനിലാണ്. ട്രെയിന്‍ പോകുന്ന ഓരോ സ്റ്റേഷനും അതിമനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്കു തണലൊരുക്കി ആല്‍മരങ്ങളും തേക്കും തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍പാതകളിലൊന്നാണിത്.
ഏകദേശം 65 കിലോമീറ്ററാണു യാത്രയുടെ ദൈര്‍ഘ്യം….
പച്ചപുതച്ച പാടങ്ങൾ, പശ്ചാത്തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍, അതിനും മുകളില്‍ ചിതറിത്തെറിച്ചു കിടക്കുന്ന മേഘക്കൂട്ടങ്ങള്‍. തെങ്ങും കമുകും സമൃദ്ധമായി വളരുന്ന പറമ്പുകള്‍, റബര്‍തോട്ടങ്ങള്‍… തീവണ്ടി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്ന ഗ്രാമീണതയുടെ മനോഹരമായ ഫ്രെയ്മുകളാണിവ. വെള്ളിയാര്‍, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ ആകര്‍ഷക ദൃശ്യങ്ങളാണ്.
വാടാനാംകുര്‍ശി, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണു പാതയിലെ സുന്ദരമായ റെയില്‍വേ സ്റ്റേഷനുകള്‍.
മഴ കഴിഞ്ഞ സമയമാണെങ്കില്‍ റെയില്‍വേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ രാവിലത്തെ യാത്രയില്‍ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചയ്ക്കു നിറം കൂടുകയും ചെയ്യും.
രാജ്യറാണി എക്‌സ്പ്രസും ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറും ഉള്‍പ്പെടെയുള്ള ഏതാനും ട്രെയിനുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.