Home നാട്ടുവാർത്ത മീനിന് തീ വില. മീൻ കിട്ടാനുമില്ല. കാരണം കടൽക്കൊള്ള…

മീനിന് തീ വില. മീൻ കിട്ടാനുമില്ല. കാരണം കടൽക്കൊള്ള…

STS50

കടലില്‍ നിന്നും വളര്‍ച്ചയെത്താത്ത ചെറുമീനുകളെ അരിച്ചുവാരുന്ന സംഘം പിടിമുറുക്കിയതോടെ മത്സ്യമേഖല പ്രതിസന്ധിയിലാണ്.
കൊടുംചൂടില്‍ സ്വതവേ മത്സ്യലഭ്യതയിൽ വന്‍ കുറവുണ്ടായിട്ടുണ്ട്.
ഇതിന് പുറമേ
ലാഭേച്‌ഛയോടെ കടന്നുവന്ന പുത്തന്‍ കുത്തകകകള്‍ കടല്‍ അരിച്ചുവാരി കുഞ്ഞുമീനുകളെ വ്യപകമായി പിടികൂടുന്നതായാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്‌. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ജലാശയങ്ങളിലും കരയിലും വ്യാപകമായി തുടങ്ങിയിരിക്കുന്ന കൊഞ്ചു വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം നിര്‍മ്മിക്കുന്ന ഫിഷ്‌ മീല്‍ ഫാക്‌ടറികളിലേക്കാണ്‌ പ്രധാനമായും കുഞ്ഞുമത്സ്യങ്ങളെ എത്തിക്കുന്നത്‌. ഇതിനായി പ്രത്യേക റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതുകൂടാതെ കോഴിതീറ്റക്കായും വളം നിര്‍മിക്കാനും കുഞ്ഞുമീനുകളെ ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ തടയാന്‍ അധികാരികള്‍ക്ക്‌ കഴിയാത്തതാണ്‌ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകാന്‍ കാരണം.
ഇങ്ങനെ പിടികൂടുന്ന മീനുകളെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്താന്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി അധകൃതര്‍തന്നെ പറയുന്നു. കടലിലെ മത്സ്യസമ്പത്ത്‌ നശിക്കുന്നത്‌ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഗുരുതരമായി ബാധിക്കുകയും മത്സ്യകയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശ നാണ്യത്തില്‍ വലിയ കുറവ്‌ വരുത്തുകയും ചെയ്യും.കടലിലെ മത്സ്യസമ്പത്തില്‍ കുറവുണ്ടാകുന്നതു വലിയ പ്രത്യാഘാതമാണുണ്ടാക്കുകയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ കുഞ്ഞുമത്സ്യങ്ങളെ പിടികൂടുന്നത്‌ സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌.
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകളുടെ കണ്ണികള്‍ക്ക്‌ 35 എം.എം വേണമെന്ന്‌ നിയമമുണ്ടെങ്കിലും ഇത്‌ പാലിക്കപ്പെടുന്നില്ല.