ഒന്ന് മനസ്സ് വെച്ചാൽ കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. കുറഞ്ഞത് ഒന്നു രണ്ട് മാസം മുൻപേ എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. യാത്രയ്ക്ക് ഒരു പ്രത്യേക തീയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ നിരക്ക് കുറഞ്ഞ് ലഭിക്കും. പോകാനും വരാനുമുള്ള റിട്ടേൺ ടിക്കറ്റുകൾ ഒന്നിച്ചു ഒരേ ഫ്‌ളൈറ്റ് തന്നെ ബുക്കു ചെയ്യുന്നത് എല്ലായ്‌പോഴും ലാഭകരമാകണമെന്നില്ല. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് വ്യത്യസ്ത ഫ്‌ളൈറ്റുകളിൽ ബുക്ക് ചെയ്യുന്നത് ലാഭകരമായേക്കാം. ടിക്കറ്റ് നിരക്ക് തിരയുമ്പോൾ അടുത്തുള്ള എയർപോർട്ടിന്റെ നിരക്കുകൾ കൂടി മനസ്സിലാക്കുക.

ഓൺലൈനിൽ ടിക്കറ്റ് ബുക്കു ചെയ്യുന്ന സമയത്ത് ട്രാവൽ പോർട്ട് വെബ്‌സൈറ്റിൽ നിന്നു ബുക്കു ചെയ്യുന്നത് ഒഴിവാക്കുക. കാരണം സർവീസ് ചാർജ് ഇനത്തിൽ ഒരു തുക ഈടാക്കുന്നുണ്ട്. അതുകൊണ്ട് ട്രാവൽ പോർട്ടുകളിൽ നിന്ന് മനസ്സിലാക്കിയ വിവരം അനുസരിച്ച് കുറഞ്ഞ നിരക്കുള്ള എയർലൈനുകളുടെ സൈറ്റിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നതായിരിക്കും ഏറ്റവും ലാഭകരം.

സാധാരണ എല്ലാ എയർലൈനുകളും ചില പ്രത്യേക സീസണുകളിൽ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അപ്പോൾ വളരെ കുറഞ്ഞ വിലയിൽ ടിക്കറ്റ് കരസ്ഥമാക്കാം. ഫ്‌ളൈറ്റ് യാത്ര സൗകര്യപ്രദമല്ലാത്ത സമയത്ത് (ഉദാഹരണത്തിന് പുലർച്ച സമയം, ഉച്ച സമയം) ടിക്കറ്റ് നിരക്കുകൾ താരതമ്യേന കുറവായിരിക്കും.
ടിക്കറ്റ് നിരക്ക് ഓൺലൈനായി അന്വേഷിക്കുമ്പോൾ ബ്രൗസർ പ്രൈവറ്റ് ബ്രൗസിങ് മോഡിലോ ഇൻകോഗ്നിറ്റോ മോഡിലോ ആക്കിയിരിക്കണം. അല്ലെങ്കിൽ കുക്കീസ് ബ്ലോക്ക് ചെയ്യുക. അതുമെല്ലെങ്കിൽ വ്യത്യസ്ത ബ്രൗസറിലോ കംമ്പ്യൂട്ടർ, ടാമ്പ്, മൊബൈലിലോ വേണം തിരച്ചിൽ നടത്താൻ. അല്ലാത പക്ഷം ഓരോ പ്രാവശ്യം തിരയുമ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നു നിൽകുന്നത് കാണാം. കാരണം, അന്വേഷണ വിവരങ്ങൾ നമ്മുടെ ബ്രൗസറിലുള്ള കുക്കീസ് മനസ്സിലാക്കി നമ്മൾ ആവശ്യക്കാരാണെന്ന് ധരിച്ച് നിരക്ക് കൂട്ടികാണിക്കുന്നതാണ്.
നിരക്ക് എല്ലാം തൃപ്തികരമായ ശേഷം സൂക്ഷ്മതയോടെ വേണം വിവരങ്ങൾ നൽകാൻ. വിദേശയാത്രയിൽ പാസ്‌പോർട്ട് വിവരങ്ങൾ നൽകുമ്പോൾ തെറ്റുകൾ സംഭവിക്കാതെ നോക്കണം. കൂടാതെ യാത്രാ തീയ്യതിയും സ്ഥലവും നിരക്കുകളും വീണ്ടും നോക്കി ഉറപ്പാക്കി വേണം ബുക്ക് ചെയ്യുവാൻ. ചില ഫ്‌ളൈറ്റുകളിൽ ടിക്കറ്റ് റദ്ദാക്കലും തീയ്യതി മാറ്റിയെടുക്കലും ചെലവേറിയതോ അസാധ്യമോ ആണ്.
ടിക്കറ്റ് നിരക്കിന് പുറമേ ധാരാളം ഓപ്ഷൻ സൗകര്യങ്ങളും നൽകിയിരിക്കും. ഉദാഹരണത്തിന് ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, ചെക്കിൻ ബാഗേജ്, ട്രാവൽ ഇൻഷൂറൻസ് മുതലായവ. ആവശ്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കുക. സാധാരണ എയർലൈനുകളിൽ ഏഴ് കിലോയുടെ കാബിൻ ബാഗേജ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ ബാഗേജ് ആവശ്യമുണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനുള്ള സൗകര്യം പണം മുടക്കി ഉറപ്പു വരുത്തണം. വിദേശയാത്രയാണു നടത്തുന്നുവെങ്കിൽ ട്രാവൽ ഇൻഷൂറൻസ് സൗകര്യം പ്രയോജനപ്പെടുത്തുക. വിദേശയാത്രയ്ക്കു ബുക്ക് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ പാസ്‌പോർട്ടിന് മിനിമം ആറുമാസത്തെ കാലാവധി ഉറപ്പാക്കുകയും വേണം.
