Home വാണിജ്യം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍; ലക്ഷ്യം ഡേറ്റ പണമാക്കല്‍ തന്നെയെന്ന് വെളിപ്പെടുത്തി വാട്‌സ്ആപ്

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍; ലക്ഷ്യം ഡേറ്റ പണമാക്കല്‍ തന്നെയെന്ന് വെളിപ്പെടുത്തി വാട്‌സ്ആപ്

വിവാദങ്ങള്‍ക്ക് പിന്നാലെ വാട്സാപ്പ് പ്രതിനിധികള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ മുന്നിലെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചു. തങ്ങളുടെ പുതിയ സ്വകാര്യതാ നയം വന്നാലും ചാറ്റുകളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരുമെന്നാണ് അവര്‍ കമ്മറ്റിയെ അറിയിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നല്ലതല്ലാത്ത മാറ്റങ്ങള്‍ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു.

അതേസമയം, പുതിയ നയത്തിലൂടെ ഡേറ്റ ഉപയോഗിച്ച് കാശുണ്ടാക്കാനുള്ള ഉദ്യമമാണ് നടക്കുന്നതെന്ന് കമ്പനിയുടെ പ്രതിനിധികള്‍ സമ്മതിച്ചുവെന്ന് പാര്‍ലമെന്റെറി അംഗം വ്യക്തമാക്കി. മീറ്റിങ്ങിനു ശേഷം വാട്സാപ് വക്താവ് കമ്മറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കിയതിന് നന്ദി പറഞ്ഞാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

ചാറ്റുകളും കോളും എന്‍ക്രിപ്റ്റഡായി തുടര്‍ന്നാലും ഒരാള്‍ ദിവസം മുഴുവന്‍ എവിടെയെല്ലാമായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ കൈമാറിയേക്കുമെന്ന ഉത്കണഠയാണ് ഉയരുന്നത്. വാട്സാപ് പേ, ജിയോമാര്‍ട്ട് തുടങ്ങിയവയെല്ലാം ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന് നേരിട്ടേക്കാവുന്ന സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഉയരുന്ന ആവശ്യങ്ങളിലൊന്ന്.