ഇനിമുതല്‍ വാടകക്കരാര്‍ ഹാജരാക്കിയാല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിയമസഭയില്‍ ഇതേക്കുറിച്ച് വന്ന സബ്മിഷന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ ഇതേ ഈ വീട്ടുനമ്പറില്‍ മറ്റൊരു കുടുംബം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആണ് സബ്മിഷന്‍ അവതരിപ്പിച്ചത്
പുറമ്പോക്കിലും റോഡുവക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ’00’ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഒരുവീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയതിന് ശേഷമായിരിക്കും കാര്‍ഡ് അനുവദിക്കുക.