Home ആരോഗ്യം വര്‍ക്ക് ഫ്രം ഹോം; ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

വര്‍ക്ക് ഫ്രം ഹോം; ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ ആളുകളുടെ ദൈനംദിന ജീവിതത്തില്‍ അനേകം മാറ്റങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. ആളുകള്‍ക്ക് ഓഫിസുകളില്‍ പോകാന്‍ കഴിയാതെ വന്നതോടെ നിരവധി സ്ഥാപനങ്ങളാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസില്‍ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന സാധ്യത കുറയ്ക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്.

എന്നാല്‍ ഇത് എല്ലാവര്‍ക്കും അത്ര സുഖകരമായ കാര്യമല്ലായിരിക്കും. ഓഫീസിലെ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ ചിലര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുന്നത് ആരോഗ്യപ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി പരിഹരിക്കാന്‍ കഴിയും.

കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് കഴുത്ത് നേരെ പിടിച്ച് നോക്കുക

ജോലി ചെയ്യുന്നയാള്‍ക്ക് അനുയോജ്യമായ തരത്തില്‍ കംപ്യൂട്ടര്‍ സ്‌ക്രീന്‍ സെറ്റ് ചെയ്ത് വയ്ക്കുക. സ്‌ക്രീനിന്റെ നിലയില്‍ നിന്ന് താഴേക്ക് നോട്ടം പോകരുത്. സ്‌ക്രീന്‍ വശങ്ങളിലോ മറ്റോ വെച്ച് കഴുത്ത് ചെരിച്ച് നോക്കാന്‍ ഇടയാക്കരുത്. ഉപയോഗിക്കുന്നയാളുടെ കണ്ണിന്റെ ഉയരത്തിലുള്ള മേശയില്ലെങ്കില്‍ ലാപ്‌ടോപ്പിന് താഴെ പുസ്തകങ്ങള്‍ കയറ്റിവെച്ച് ഉയരം ശരിയാക്കാം.

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നേരിട്ട് വെളിച്ചം വീഴരുത്

സ്‌ക്രീനില്‍ നിന്നുള്ള ഗ്ലെയര്‍ മൂലം കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാകാതിരിക്കാന്‍ സ്‌ക്രീനില്‍ നേരിട്ട് വെളിച്ചം വീഴുന്നത് ഒഴിവാക്കണം. ജനാലയ്ക്ക് അഭിമുഖമായി ഇരുന്ന് ജോലി ചെയ്യരുത്. ഇത് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറാനും കംപ്യൂട്ടര്‍ സ്‌ക്രീനിലെ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാനും ഇടയാക്കും.

പുസ്തകങ്ങള്‍ നോക്കുമ്പോഴും കഴുത്ത് വളയ്ക്കരുത്

ഐപാഡോ പുസ്തകങ്ങളോ മേശയില്‍ വെച്ച് കഴുത്ത് വളച്ച് വായിക്കരുത്. അവ സ്‌ക്രീന്‍ വെച്ചിരിക്കുന്ന നിലയില്‍ തന്നെ വയ്ക്കുക. അതിനായി പ്രത്യേക സ്റ്റാന്‍ഡുകളും വെര്‍ട്ടിക്കല്‍ ഡോക്യുമെന്റ് ഹോള്‍ഡറുകളും ലഭ്യമാണ്.

കീബോര്‍ഡും മൗസും ഒരേ നിലയില്‍ തന്നെ വയ്ക്കുക

സ്‌ക്രീനിന്റെ ഉയരം ശരിയാക്കാന്‍ ലാപ്‌ടോപ്പ് അല്പം മാറിയാണ് വയ്ക്കുന്നതെങ്കില്‍ ഒരു എക്‌സ്റ്റേണല്‍ കീബോര്‍ഡും മൗസും ഉപയോഗിക്കുക. ഇവ ഉപയോഗിക്കുമ്പോള്‍ കൈകള്‍ ശരിയായ നിലയിലും നിവര്‍ന്നുമാണെന്ന് ഉറപ്പുവരുത്തുക. കൈയില്‍ നിന്നുള്ള നാഡികള്‍ കഴുത്തിലൂടെയും തോളിലൂടെയും കൈമുട്ടിലൂടെയും കൈയുടെ മണിബന്ധത്തിലൂടെയും കടന്നുപോകുന്നുണ്ട്. കൈകള്‍ ശരിയായ നിലയിലാണെങ്കില്‍ ഈ നാഡികള്‍ക്ക് ഞെരുക്കം സംഭവിക്കില്ല. എന്നാല്‍ ഇവിടെ സ്‌ട്രെയിന്‍ ഉണ്ടായാല്‍ കഴുത്തിനും തോളുകള്‍ക്കും സ്‌ട്രെയിന്‍ ഉണ്ടാകും.

മൃദുവായ റിസ്റ്റ് റെസ്റ്റ് ഉപയോഗിക്കരുത്

കൈയുടെ മണിബന്ധത്തിന് ചുവടെ വയ്ക്കാന്‍ മൃദുവായ എന്തെങ്കിലും പാഡുകള്‍ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുമൂലം ഗുണമല്ല ദോഷമാണ് ഉണ്ടാവുക. ഇത് വിരലുകളിലെ ടെന്‍ഡനുകള്‍ക്കും മീഡിയന്‍ നാഡിക്കും ഞെരുക്കമുണ്ടാകാന്‍ ഇടയാകും. ഇത് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കൂടാന്‍ ഇടയാക്കും.

കസേരയില്‍ നിവര്‍ന്നിരിക്കുക

ജോലി ചെയ്യുമ്പോള്‍ കസേരയില്‍ മുന്നിലേക്ക് വളഞ്ഞിരിക്കരുത്. നട്ടെല്ലിന് സപ്പോര്‍ട്ട് കിട്ടുന്ന തരത്തില്‍ വേണം ഇരിക്കാന്‍. മൗസും കീബോര്‍ഡും കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ഇരിക്കേണ്ടത്. കസേരയ്ക്ക് ലോവര്‍ ബാക്ക് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഒരു കുഷ്യനോ തുണി മടക്കിയതോ വെച്ച് ഇരിപ്പ് ശരിയാക്കണം.

കാലുകള്‍ നിലത്ത് തൊട്ട് ഇരിക്കുക

ഇരിക്കുമ്പോള്‍ കാലുകള്‍ നിലത്ത് തൊട്ടിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നിലത്ത് ഒരു ബോക്‌സ് വെച്ച് അതിനു മുകളില്‍ കാലുകള്‍ കയറ്റി വെച്ചിരിക്കാം. കസേരയുടെ മുകളിലോ കാലുകള്‍ക്ക് മേലയോ കാല്‍ കയറ്റിവെച്ചിരിക്കരുത്.

ദീര്‍ഘനേരം നിന്ന് കൊണ്ട് കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത് നല്ലതല്ല

ഇരിപ്പ് അനാരോഗ്യകരമാണെന്നും നില്‍പ്പാണ് നല്ലതെന്നുമുള്ള ധാരണയില്‍ സ്റ്റാന്‍ഡിങ് ഡെസ്‌ക്കുകള്‍ വ്യാപകമായി. എന്നാല്‍ ഇരിക്കുന്നതിനേക്കാള്‍ സ്‌ട്രെയിന്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകും. കാലുകളിലേക്കും കാല്‍പ്പാദങ്ങളിലേക്കുമുള്ള രക്തചംക്രമണ വ്യവസ്ഥയിലാണ് സ്‌ട്രെയിന്‍ ഉണ്ടാവുക. ദീര്‍ഘനേരം നില്‍ക്കുന്നത് വെരിക്കോസിസ് വെയിനിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ഫോണ്‍കോളിനും മറ്റുമായി എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. 20-30 മിനിറ്റ് നിന്നാല്‍ പിന്നീട് ഒരു മിനിറ്റ് നടന്ന്, ശരീരമെല്ലാം ഒന്ന് സ്‌ട്രെച്ച് ചെയ്യുന്നത് ശരീരത്തിലെ പേശികള്‍ റിലാക്‌സാകാവും രക്തചംക്രമണം മെച്ചപ്പെടാനും സഹായിക്കും. ദീര്‍ഘനേരം നില്‍ക്കാതെ നോക്കണം.