Home വാണിജ്യം രാജ്യമൊട്ടാകെ അതിവേഗ വൈ-ഫൈ; പിഎം വാണിയെക്കുറിച്ചറിയാം

രാജ്യമൊട്ടാകെ അതിവേഗ വൈ-ഫൈ; പിഎം വാണിയെക്കുറിച്ചറിയാം

രാജ്യമൊന്നടങ്കം അതിവേഗത്തിലുള്ള വൈ-ഫൈ സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പിഎം വാണി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതോടെ, രാജ്യത്തെവിടെയും വേഗതയുള്ള ഇന്റര്‍നെറ്റ് സേവനം ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്. അതും കുറഞ്ഞ നിരക്കില്‍. സിഗ്‌നല്‍ കുറവുള്ള വിദൂര പ്രദേശങ്ങളില്‍ പോലും വൈ- ഫൈ സേവനം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

പിഎം- വാണി എന്ന പേരില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. പബ്ലിക് വൈ- ഫൈ ആക്സസ് നെറ്റ്വര്‍ക്ക് ഇന്റര്‍ഫെയ്സ് എന്നതാണ് പിഎം- വാണിയുടെ പൂര്‍ണരൂപം. സ്മാര്‍ട്ട്ഫോണില്‍ പിഎം- വാണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കുക.

പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഇവരാണ് വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ നല്‍കുക. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷം പബ്ലിക് വൈ-ഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വാണിജ്യ ആവശ്യത്തിനുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്തിട്ടുള്ള ഏതൊരു വ്യക്തിക്കും വൈ-ഫൈ ഡേറ്റ ഓഫീസുകളെ സമീപിച്ച് വൈ ഫൈ ഹോട്സ്പോട്ടിനായി അപേക്ഷ നല്‍കാം.

ഇവര്‍ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് ജനങ്ങള്‍ക്ക് വൈ-ഫൈ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതായത് പിഎം- വാണി പദ്ധതിയുടെ കീഴിലുളള സേവനദാതാക്കള്‍ വഴി രാജ്യമൊട്ടാകെ വൈ-ഫൈ സേവനം ലഭിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്.

ഇതിന് വണ്‍ ടൈം രജിസ്ട്രേഷനേ ആവശ്യമുള്ളൂ. പിഎം വാണി ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകള്‍ വഴി പണം അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. 10 രൂപ മുതല്‍ വൈ-ഫൈ ഉപയോഗത്തിന് അനുസരിച്ച് ഉപഭോഗനിരക്ക് ഉയരും.

പബ്ലിക് ഡേറ്റ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവരാണ് പബ്ലിക് വൈ-ഫൈ നെറ്റ്വര്‍ക്ക് സേവനം ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുക. ഇവര്‍ വഴിയാണ് ജനങ്ങളിലേക്ക് സേവനം എത്തുക. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ലൈസന്‍സ് ഫീ ഈടാക്കില്ല എന്നതാണ് മറ്റൊരു സവിശേഷത.