Home വിനോദം ഇതിഹാസ സിനിമ ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലേക്ക്

ഇതിഹാസ സിനിമ ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലേക്ക്

ഇതിഹാസ സിനിമ ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാര്‍ രണ്ടാം ഭാഗമായ ‘അവതാര്‍; ദി വേ ഓഫ് വാട്ടര്‍’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടിയായാണ് അവതാര്‍ വീണ്ടും തീയറ്ററുകളിലെത്തുക

ചിത്രത്തിന്റെ 4കെ എച്ച്‌ഡിആര്‍ ത്രീഡി വേര്‍ഷന്‍ സെപ്തംബര്‍ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും.റീ-റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ പുതുക്കിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു. അവതാര്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച സാം വേര്‍തിംഗ്ടണും സോ സല്‍ഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇവരെക്കൂടാതെ കേറ്റ് വിന്‍സ്ലറ്റ്, വിന്‍ ഡീസല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടും. ഈ വര്‍ഷം ഡിസംബര്‍ 16നാണ് അവതാര്‍; ദി വേ ഓഫ് വാട്ടര്‍ റിലീസാവുക.ആദ്യഭാഗത്തില്‍ മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നായിരുന്നു സൂചന. 2009 ഡിസംബര്‍ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടര്‍ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചത്.

ആദ്യം രണ്ടും മൂന്നും ഭാഗങ്ങളാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കഥ വികസിച്ച്‌ വന്നപ്പോള്‍ നാലും അഞ്ചും ഭാഗങ്ങളും സീരീസിന്റെ ഭാഗമായി. ഇവയുടെ റിലീസ് തിയതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വന്നതോട് കൂടി റിലീസ് തിയതികളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.