Home വാണിജ്യം കെ ഡിസ്‌ക് പദ്ധതിക്ക് പൂര്‍ണ്ണരൂപം ഇല്ലാതെ സര്‍ക്കാര്‍; ഡാറ്റാചോര്‍ച്ചക്കും തൊഴില്‍തട്ടിപ്പിനും സാധ്യത

കെ ഡിസ്‌ക് പദ്ധതിക്ക് പൂര്‍ണ്ണരൂപം ഇല്ലാതെ സര്‍ക്കാര്‍; ഡാറ്റാചോര്‍ച്ചക്കും തൊഴില്‍തട്ടിപ്പിനും സാധ്യത

ഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ ഇരുപത് ലക്ഷം തൊഴില്‍ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ ഡിസ്‌ക് പദ്ധതിയില്‍ വിദേശ വെബ് പോര്‍ട്ടലുമായുള്ള സഹകരണത്തില്‍ ആശങ്കകളേറെ. തൊഴില്‍ തട്ടിപ്പ് നടത്തുന്ന വ്യാജ കമ്പനികളുടെ കേന്ദ്രമായി മാറിയ വിദേശ തൊഴില്‍ പോര്‍ട്ടലുമായാണ് ആദ്യഘട്ടത്തിലെ സഹകരണം.

ഡാറ്റാ ചോര്‍ച്ചയും തട്ടിപ്പും തടയുന്ന രീതിയിലാകുമോ പ്രവര്‍ത്തനം എന്നതിലും ഇതുവരെ വ്യക്തതയില്ല. വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സില്‍ എന്ന പേരില്‍ രൂപീകരിച്ച കെ ഡിസക്ക്. ഇതില്‍ തന്നെ തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ സഹായത്തോടെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനെജ്‌മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലിനും രൂപം നല്‍കുകയായിരുന്നു.

ഇതുവരെ 27,000 പേരാണ് തൊഴിലിനായി രജിസ്റ്റര്‍ ചെയ്തത്. ആവശ്യമുള്ളവര്‍ക്ക് പരിശീലനം കൂടി നല്‍കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ സ്വന്തമായും സ്വതന്ത്രമായും ഒരു മൈക്രോസൈറ്റ് കൂടി സ്ഥാപിച്ച് പൂര്‍ണ്ണമായി സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നിര്‍ത്തുന്നതിന് പകരം വിദേശ വെബ് പോര്‍ട്ടലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വിദേശ ഭീമനായ മോണ്‍സ്റ്റര്‍ ഇന്ത്യ.കോമുമായി സഹകരിക്കുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ വ്യക്തമായിരുന്നു. മറ്റ് വിദേശ തൊഴില്‍ പോര്‍ട്ടലുകളെയും സഹകരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തങ്ങളുടെ സൈറ്റില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഈ വിദേശ പോര്‍ട്ടലുകള്‍ക്ക് പോലും പരിഹരിക്കാനാകാത്ത വിധം സങ്കീര്‍ണമാണ്. അപ്പോഴാണ് വിദേശ പോര്‍ട്ടലുകള്‍ക്ക് കേരളത്തിലെ ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റകള്‍ നല്‍കാന്‍ വഴിയൊരുക്കുന്ന സര്‍ക്കാര്‍ പദ്ധതി.

വ്യാജ കമ്പനികളുടെ പേരില്‍ സൈറ്റുകളില്‍ തൊഴില്‍ ദാതാവായി രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളെടുത്ത്, പണം വാങ്ങി തൊഴില്‍ തട്ടുന്ന കേസുകള്‍ വ്യാപകമാണ്. നഴ്‌സിംഗ്, ഐടി, പാരാമെഡിക്കല്‍ രംഗത്ത് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുള്ള കേരളം തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യവും. ഫോണ്‍ നമ്പരും വിവരങ്ങളും ചോര്‍ത്തുന്ന സ്‌കാമ്മേഴ്‌സ് എന്ന് അറിയപ്പെടുന്ന തട്ടിപ്പുകാരെ പേടിച്ച് വിദേശത്തെയും ഇന്ത്യയിലെയും തൊഴില്‍ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞ് വരുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും ഇവര്‍ക്ക് വിവരങ്ങള്‍ ലഭിക്കും എന്നതാണ് അപകടകരം.സ്വകാര്യ തൊഴില്‍ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാതെ കരുതല്‍ എടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യ പോര്‍ട്ടലുകള്‍ക്ക് കൈമാറരുതെന്ന് അറിയിക്കാന്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ അവസരം ഉണ്ടാകുമോ എന്നതിലും വ്യക്തതയില്ല.