Home അറിവ് രാജ്യത്ത് എട്ട് മരുന്നുകള്‍ക്ക് കൂടി വിലനിയന്ത്രണം

രാജ്യത്ത് എട്ട് മരുന്നുകള്‍ക്ക് കൂടി വിലനിയന്ത്രണം

പ്രധാന രോഗങ്ങള്‍ക്കെതിരേയുള്ള എട്ട് മരുന്നുകള്‍ കൂടി വിലനിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തി. ദേശീയ ഔഷധവില നിയന്ത്രണസമിതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇനി താഴെപ്പറയുന്ന മരുന്നുകള്‍ നിശ്ചിത വിലയില്‍ മാത്രമേ വില്‍ക്കാനാവു.

പരാദബാധയ്‌ക്കെതിരേ മനുഷ്യരിലും മൃഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് പ്രേസിക്വാന്റല്‍. ഇതിന്റെ 600 എം.ജി. ഗുളികയുടെ വില 34.63 രൂപയായാണ് കുറച്ചിരിക്കുന്നത്. സയനൈഡ് പോലെയുള്ള മാരകവിഷബാധയ്‌ക്കെതിരേ ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് കുത്തിവെപ്പുമരുന്ന് ഒരു മില്ലിക്ക് 25.91 രൂപയാണ് വില.

എക്‌സിമ പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടക്രോലൈമസ് ഗുളികയുടെ മൂന്ന് വകഭേദങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. 18.68 (0.5 എം.ജി), 34.31 (1 എം.ജി.), 67.77 (2 എം.ജി.). ടെറ്റ്‌നസിനും ഡിഫ്ത്തീരിയയ്ക്കും എതിരായി ഉപയോഗിക്കുന്ന ടിഡി കുത്തിവെപ്പ് മരുന്നിന്റെ മൂന്നിനങ്ങളും പട്ടികയിലുള്‍പ്പെടുത്തി. അര മില്ലിലിറ്ററിന് 18.69 രൂപയാണ് വില. ഈ വിലകള്‍ക്കു പുറമേ ചരക്കുസേവനനികുതിയും ബാധകമായിരിക്കും.